യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു

ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിക്കി ഹാലി രാജി നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്സിയോസ് ആണ് നിക്കി ഹാലിയുടെ രാജി വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയാണ് നിക്കി രാജി നല്‍കിയത്. രാജി വച്ചേക്കുമെന്ന് ആറ് മാസം മുമ്പ് അവര്‍ തനിക്ക് സൂചന നല്‍കിയിരുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിക്കി ഹാലി ഭരണപരമായ ചുമതലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാകുമെന്ന് രാജി സ്വീകരിച്ചുകൊണ്ട് ട്രംപ് അറിയിച്ചു.

യുഎന്‍ അംബാസഡറായി നിയമിക്കപ്പെടുമ്പോള്‍ ചില നിബന്ധനകള്‍ നിക്കി, ട്രംപിന് മുന്നില്‍ വച്ചിരുന്നു. തന്നെ കാബിനറ്റിലും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലും അംഗമാക്കണമെന്ന് അവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. നയരൂപീകരണത്തില്‍ തനിക്ക് പങ്കാളിത്തം വേണമെന്ന് അവര്‍ വ്യക്തമാക്കി. 2017ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ നിക്കി ഇക്കാര്യം പറഞ്ഞിരുന്നു. ട്രംപ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ നിക്കി ഹാലി തള്ളിക്കളഞ്ഞു.

നിക്കിയുടെ സേവനങ്ങളെ പ്രശംസിച്ച ട്രമ്പ്, അവര്‍ രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും യു.എന്നില്‍ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നും പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ അവര്‍ തത് സ്ഥാനത്തു തുടരുമെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും, ട്രമ്പിനു വേണ്ടി പ്രചാരണം നടത്തുമെന്നും നിക്കി അറിയിച്ചു.

ടീം ട്രംപിലെ പ്രധാനികളില്‍ ഒരാളായിരുന്നു നിക്കി ഹാലി. വിദേശനയ രൂപീകരണത്തില്‍ – ഉത്തരകൊറിയയോടും ഇറാനോടുമുള്ള ട്രംപ് ഗവണ്‍മെന്റിന്റെ നയ സമീപനങ്ങളില്‍ അവര്‍ സ്വാധീനം ചെലുത്തി. നയ വിഷയങ്ങളില്‍ തനിക്കും പ്രസിഡന്റിനും ശക്തമായ അഭിപ്രായ ഐക്യമാണുള്ളതെന്നും നിക്കി ഹാലി വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: