സ്വവര്‍ഗാനുരാഗത്തെ പിന്തുണച്ച് കേക്ക് നിര്‍മ്മിച്ചില്ല; ആഷേഴ്സ് ബേക്കിംഗ് കേസില്‍ ബേക്കറിക്ക് അനുകൂലമായി സുപ്രീം കോടതി വിധി

ആഷേഴ്സ് ബേക്കിംഗ് കേസില്‍ മക്അര്‍തര്‍ കുടുംബത്തിന് അനുകൂലമായി യുകെ സുപ്രീം കോടതി വിധി. ആഷേഴ്സ് ബേക്കറി സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന സന്ദേശം കേക്കില്‍ ആലേഖനം ചെയ്യാന്‍ വിസമ്മതിച്ചതില്‍ വിവേചനപരമായ ഒന്നും കാണാന്‍ കഴിയില്ലെന്നാണ് കോടതിയുടെ അന്തിമ വിധി ഉണ്ടായിരിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും സ്വന്ത മതത്തിനുവേണ്ടി നിലകൊള്ളാനുമുള്ള (ആര്‍ട്ടിക്കിള്‍ 9) അഭിപ്രായ പ്രകടനം നടത്താനുമുള്ള (ആര്‍ട്ടിക്കിള്‍ 10) നിയമ സംരക്ഷണം ഈ കേസില്‍ വ്യക്തമായി ഇടപെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

വടക്കന്‍ അയര്‍ലണ്ടില്‍ നാല് വര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു ‘ആഷേഴ്സ് ബേക്കിംഗ് കേസ്’. അയര്‍ലണ്ടിലും മറ്റ് രാജ്യങ്ങളിലും സേവനമുള്ള ആഷേഴ്സ് ബേക്കറി ഉടമസ്ഥര്‍ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന സന്ദേശം കേക്കില്‍ ആലേഖനം ചെയ്യാന്‍ വിസമ്മതിച്ചതോടെയായിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

ബെല്‍ഫാസ്റ്റില്‍ ബേക്കറി നടത്തിവരികയായിരുന്നു മക്അര്‍തര്‍ കുടുംബം. തികഞ്ഞ ക്രൈസ്തവ വിശ്വാസികള്‍. 2014 ല്‍ ബെര്‍ട്-ഏര്‍ണി സുഹൃത്തുക്കളുടെ സ്വവര്‍ഗവിവാഹത്തിന് കേക്ക് നിര്‍മ്മിച്ചുനല്‍കാനും, അതില്‍ സ്വവര്‍ഗാനുരാഗത്തെ പുകഴ്ത്തിക്കാട്ടുന്ന സന്ദേശം ആലേഖനം ചെയ്യാനും ആവശ്യപ്പെട്ടപ്പോള്‍ ആഷേഴ്സ് അതു നിരാകരിച്ചു. സ്വവര്‍ഗാവകാശ പ്രവര്‍ത്തകരുടെ മുന്‍നിരയിലുള്ള ഗാരെത് ലീ ഇക്കാര്യം വടക്കന്‍ അയര്‍ലണ്ടിലെ ഇക്വാലിറ്റി കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു.

പിന്നീടുണ്ടായത് കടുത്ത നിയമപോരാട്ടം. തങ്ങള്‍ക്ക് തുല്യാവകാശം നിഷേധിക്കപ്പെട്ടു എന്ന് സ്വവര്‍ഗപ്രണയക്കാരും, സ്വന്തം വിശ്വാസത്തിന് എതിരായി പ്രവര്‍ത്തിക്കാനാവില്ലെന്ന് മക്അര്‍തര്‍ കുടുംബവും വാദിച്ചു. ”കേക്ക് നിര്‍മ്മിച്ച് നല്‍കില്ല എന്ന് ആഷേഴ്സ് ബേക്കറി പറഞ്ഞിട്ടില്ല. ഒരു ബിസിനസ്സില്‍ സ്വന്തം ബോധ്യങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല എന്ന അവസ്ഥയാണിവിടെ ഉണ്ടായിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന കേക്ക് നിര്‍മ്മിച്ചതിനുശേഷം അതു വാങ്ങുവാന്‍ വരുന്ന ഹെട്രോസെക്ഷ്വല്‍ വ്യക്തിക്കും ഇതിനെതിരെ രംഗത്തുവരാമല്ലോ. മാത്രമല്ല, വെറുമൊരു കേക്കിന്റെ കാര്യമല്ലിത്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍, ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും നാളെ ഇതേ അവസ്ഥ വന്നേക്കാം. സേവനത്തിലെ സമത്വത്തിന്റെ പേരില്‍ അവരും സ്വവര്‍ഗാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടും.” അര്‍തര്‍ കുടുംബത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ഡേവിഡ് സ്‌കോഫീല്‍ഡ് വാദിച്ചതിങ്ങനെ

ആദ്യകോടതിവിധി ആഷേഴ്സിനെതിരായിരുന്നു. 500 പൗണ്ട് പിഴ. പിഴയൊടുക്കാന്‍ തയ്യാറല്ലെന്ന് ഡാനിയലും അമിയും പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയമായി ഈ കേസ് മാറി. 2015 മാര്‍ച്ചില്‍ ബല്‍ഫാസ്റ്റില്‍ ക്രിസ്ത്യാനികളുടെ വന്‍ പ്രകടനം നടന്നു. പാര്‍ലമെന്റില്‍ വിഷയം വന്നു. കോടതി വിധി വന്ന് ഏറെ വൈകാതെ, 2015 മെയ് 23ന്, ഒരു ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുകയും ചെയ്തു.

എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടുപോയ മക്അര്‍തര്‍ കുടുംബം നീതിക്കായി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ തുടര്‍ന്ന കോടതി അഷേഴ്‌സ് ബേക്കറി സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന സന്ദേശം കേക്കില്‍ ആലേഖനം ചെയ്യാന്‍ വിസമ്മതിച്ച നിലപാട് വിവേചനപരമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സ്വവര്‍ഗ വിവാഹം ഇപ്പോഴും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമപരമല്ല. ഭരണപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (DUP) സ്വവര്‍ഗ വിവാഹത്തിന് എതിരാണ്. ഒരിക്കല്‍ പാര്‍ലമെന്റില്‍ സ്വവര്‍ഗ വിവാഹ നിയമം കൊണ്ടുവന്നപ്പോള്‍ വീറ്റോ ചെയ്തതിന്റെ ചരിത്രവും ഇവരുടെ പേരിലാണ്.

എ എം

Share this news

Leave a Reply

%d bloggers like this: