രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കിടയിലും ജനപിന്തുണ നിലനിര്‍ത്തി ഫൈന്‍ ഗെയ്ല്‍

ഡബ്ലിന്‍: ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. ഐറിഷ് ടൈംസ്/ Ipsos MRBI സംയുകതമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന അഭിപ്രായ സര്‍വയെക്കാള്‍ 2 പോയിന്റ് മെച്ചപ്പെടുത്തി 33 ശതമാനം നേടിയാണ് ഫൈന്‍ ഗെയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം ഫിയാന ഫെയിലിന്റെ ജനപിന്തുണ ഒരു പോയിന്റ് താഴ്ന്ന് 25 ശതമാനത്തിലെത്തി. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സിന്‍ ഫെയിനിന്റെ പിന്തുണ രണ്ട് പോയിന്റുകള്‍ ഉയര്‍ന്ന് 24 ശതമാനത്തിലെത്തിയിട്ടുമുണ്ട്.

അടുത്തിടെ ഫൈന്‍ ഗെയില്‍ പാര്‍ട്ടിയും ഫിയന്ന ഫാളും തമ്മിലുള്ള കൂട്ടുകക്ഷി ഭരണത്തില്‍ ഉലച്ചിലുകള്‍ ഉണ്ടാകുകയും ഫിയന്ന ഫാള്‍ തിരഞ്ഞെടുപ്പിന് മുറവിളി കൂട്ടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ മറികടന്നാണ് ഭരണ പാര്‍ട്ടിയായ ഫൈന്‍ ഗെയിലിനുള്ള ജനപിന്തുണയില്‍ 2 പോയിന്റുകളുടെ വര്‍ദ്ധവ് ഉണ്ടായത്. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭരണ എഗ്രിമെന്റ് നീട്ടണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 44 ശതമാനം പേര്‍ ജനറല്‍ ഇലക്ഷന്‍ നടത്തണമെന്ന ആവശ്യക്കാരാണ്. ലേബര്‍പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ഒരു ശതമാനം കുറവുണ്ടായി (4%). മറ്റ് സ്വതന്ത്ര പാര്‍ട്ടികളുടെ പിന്തുണ രണ്ട് പോയിന്റ് കുറഞ്ഞ് 14 ശതമാനത്തിലെത്തി.

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ വിവാദത്തിപെട്ട് വാര്‍ത്താവിനിമയ മന്ത്രി ഡെന്നീസ് നോട്ടന്‍ രാജിവെക്കാന്‍ ഇടയായത് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് ബജറ്റിന്റെ പേരില്‍ ഭരണമുന്നണിയില്‍ അഭിപ്രായഭിന്നത രൂക്ഷമായതും പിന്തുണ പിന്‍വലിക്കാന്‍ ഫിയാന ഫാള്‍ ആലോചന തുടങ്ങിയതും. എന്നാല്‍ ബ്രെക്‌സിറ്റ് ഡീലുകള്‍ പ്രതിസന്ധിയില്‍ തുടരുന്നതിനാല്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു. 2020ലെ അടുത്ത പൊതുതിരഞ്ഞെടുപ്പുവരെ ഇപ്പോഴുള്ള കൂട്ടുകക്ഷി ഭരണം തുടരാനുള്ള നീക്കമാണ് ലിയോ വരദ്കര്‍ നടത്തുന്നത്.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ ജനപിന്തുണ 4 ശതമാനം ഇടിഞ്ഞെങ്കിലും 51 ശതമാനത്തോടെ ഏറ്റവും ജനപ്രിയനായ നേതാവ് എന്ന പദവി നിലനിര്‍ത്തി. സിന്‍ ഫെയ്ന്‍ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡ് ജനപിന്തുണ ഒരു ശതമാനം ഉയര്‍ത്തി 40 ശതമാനത്തിലെത്തി. അതേസമയം ഫിയാന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്റെ പിന്തുണ ഒരു പോയിന്റ് കുറഞ്ഞ് 39 ശതമാനത്തിലെത്തി.

കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഐറിഷ് ബജറ്റിനെക്കുറിച്ചും സര്‍വേയില്‍ ജനങ്ങളോട് ചോദിച്ചിരുന്നു. ഭൂരിഭാഗം പേരും ബജറ്റിലെ പുതിയ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. പൊതുചിലവുകളിലെ ധൂര്‍ത്ത് കുറച്ച് കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കാമായിരുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 19 ശതമാനം പേര്‍ ബജറ്റിനെ പിന്തുണയ്ക്കുമ്പോള്‍ 14 ശതമാനം പേര്‍ ഏറ്റവും മോശപ്പെട്ട ബജറ്റായിരുന്നു ഇതെന്ന് അഭിപ്രായപ്പെട്ടു.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: