ടെസ്‌കോയെ പിന്തള്ളി ഡണ്‍സ് സ്റ്റോര്‍ അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയിലെ ഒന്നാമന്‍

ഡബ്ലിന്‍: ഡണ്‍സ് സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയില്‍ അയര്‍ലന്‍ഡില്‍ താരമാകുന്നു. ടെസ്‌കോയെ മറികടന്നാണ് അയര്‍ലന്‍ഡില്‍ ഡണ്‍സ് സ്റ്റോര്‍ ജനകീയമായ സൂപ്പര്‍മാര്‍ക്കറ്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കന്റാര്‍ വേള്‍ഡ് പാനല്‍ അയര്‍ലന്‍ഡിലെ ഒക്ടോബര്‍ 7 വരെയുള്ള പന്ത്രണ്ട് ആഴ്ച്ചകാലത്തെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യമായാണ് ഡണ്‍സ് സ്റ്റോര്‍ മികച്ച വളര്‍ച്ചകൈവരിച്ച് രാജ്യത്തെ പലചരക്ക് വിപണിയിലെ ഏറ്റവും വലിയ പങ്കാളിത്തം നേടിയിരിക്കുന്നത്.

മൊത്തം മാര്‍ക്കറ്റ് വിപണിയുടെ 22.1 ശതമാനം പങ്കാളിത്തമാണ് ഡണ്‍സ് സ്റ്റോറിനുള്ളത്. അതേസമയം ഇതുവരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടെസ്‌കോയ്ക്ക് 21.5 ശതമാനം വിപണി പങ്കാളിത്തവുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. 21.4 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തില്‍ സൂപ്പര്‍വാല്യൂ മൂന്നാം സ്ഥാനത്തെത്തി. റീട്ടെയില്‍ മേഖലയില്‍ പലചരക്ക് കച്ചവടം ആണ് എപ്പോഴും ഏറ്റവും മത്സരം നിറഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മൂന്ന് പ്രധാന റീട്ടെയ് ലര്‍മാരും തമ്മിലുള്ള വിപണി പങ്കാളിത്തതിലെ അന്തരം ഒരു ശതമാനത്തോളം മാത്രമാണെന്ന് ചൂണ്ടികാണിക്കുകയും ചെയ്യുന്നു.

മുന്‍കാലയളവിനെ അപേക്ഷിച്ച് വില്പനയില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജര്‍മ്മന്‍ കമ്പനിയായ ആല്‍ഡിയാണ്. 11.8 ശതമാനം വര്‍ധനയാണ് വില്പനയുടെ കാര്യത്തില്‍ കഴിഞ്ഞ 12 ആഴ്ചകള്‍ കൊണ്ട് ആല്‍ഡി നേടിയത്. ആല്‍ഡിയുടെ പ്രധാന എതിരാളിയായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ 11.7 ശതമാനം എന്ന വിപണി പങ്കാളിത്തമാണ് ആല്‍ഡി മറികടന്നത്.

ഉത്സവ കാലയളവില്‍ ശക്തമായ വില്‍പ്പനയാണ് ഡണ്‍സ് സ്റ്റോര്‍ കാഴ്ചവയ്ക്കുന്നതെന്ന് കന്റാര്‍ വേള്‍ഡ് പാനല്‍ വക്താവ് ഡഗ്ലസ് ഫോഗ്നന്‍ അഭിപ്രായപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വരും മാസങ്ങളിലും വില്‍പ്പന പൊടിപൊടിക്കുമെന്നാണ് കരുതുന്നത്. പ്രത്യേക ക്യാംപെയ്‌നുകള്‍ സംഘടിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ചത് ഡണ്‍സ് സ്റ്റോറില്‍ വില്പ്പന വര്‍ധിപ്പിച്ചിട്ടുണ്ട്. 40,000 പുതിയ ഉപഭോക്താക്കളെയാണ് കഴിഞ്ഞ 12 ആഴ്ചകള്‍ക്കുളില്‍ ഡണ്‍സ് സ്റ്റോറിന് ലഭിച്ചിരിക്കുന്നത്. വലിയതും ആവര്‍ത്തിച്ചുള്ളതുമായ ഷോപ്പിങുകളാണ് പ്രധാനമായും ഇവര്‍ക്ക് നേട്ടം നല്‍കുന്നത്. ഡബ്ലിനാണ് ഡണ്‍സിന്റെ പ്രധാന വളര്‍ച്ചാ കേന്ദ്രം. ടെസ്‌കോയും തലസ്ഥാന നഗരത്തില്‍ പിടിമുറുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധിച്ചതായും പഠനത്തില്‍ കണ്ടെത്തി.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: