വിമാനത്താവളത്തില്‍ യാത്രക്കാരന് ഹൃദയസ്തംഭനം; രക്ഷകനാകുന്ന സുരക്ഷാജീവനക്കാരന്റെ വീഡിയോ വൈറല്‍

മുംബൈ: ഹൃദയസ്തംഭനമുണ്ടായാല്‍ ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന പ്രഥമ ശുശ്രൂഷ(സിപിആര്‍) ആണ് ജീവന്‍ രക്ഷിക്കുന്നതില്‍ പലപ്പോഴും നിര്‍ണായകമാകുക. സിപിആറിലൂടെ എങ്ങനെ ഒരു ജീവന്‍ രക്ഷിക്കാം എന്നതിന് ജനം സാക്ഷിയായ ഒരു സംഭവം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നടന്നു. യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഈ രക്ഷാ പ്രവര്‍ത്തനത്തിന് മുംബൈ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ആന്ധ്ര സ്വദേശിയായ സത്യനാരായണ ഗുബ്ബാല എന്ന യാത്രക്കാരനാണ് ഹൃദയസ്തംഭനം ഉണ്ടായത്. മറ്റ് യാത്രക്കാര്‍ പകച്ചു നിന്ന സാഹചര്യത്തില്‍ ഹൃദയസ്തംഭനം ആണെന്ന് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പ്രഥമ ശുശ്രൂഷയായ സി.പി.ആര്‍ നല്‍കിയ സുരക്ഷാ ജീവനക്കാരുടെ ഇടപെടലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ മോഹിത് കുമാര്‍ ശര്‍മയും രണ്ട് സഹപ്രവര്‍ത്തകരുമാണ് ഈ ഉദ്യോഗസ്ഥരെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ- ഹൈദരാബാദ് വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ സത്യനാരായണ ടെര്‍മിനല്‍ 2 ന് സമീപം ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ അവിടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന മോഹിത് കുമാര്‍ ശര്‍മ സി.പി.ആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: