മാക്ക് ബുക്ക് എയര്‍, ഐപാഡ് പ്രോ, മാക്ക് മിനി – ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഐറിഷ് വിപണിയില്‍ നവംബര്‍ 7 മുതല്‍

ഒക്ടോബര്‍ 30 ന് നടന്ന ചടങ്ങില്‍ ആപ്പിള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. കൂടുതല്‍ കനം കുറഞ്ഞതും ഭാരംകുറഞ്ഞതും ഒപ്പം കൂടുതല്‍ പ്രവര്‍ത്തന മികവുമുള്ളതാണ് പുതിയ മാക്ക് ബുക്ക് എയര്‍, രണ്ട് പുതിയ ഐപാഡ് പ്രോകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം പുതിയ ആപ്പിള്‍ പെന്‍സില്‍, മാക്ക് മിനി ഡെസ്‌ക് ടോപ്പ് എന്നിവയും ആപ്പിള്‍ പുറത്തിറക്കി. ടച്ച് ഐഡി, മികച്ച ബാറ്ററി ലൈഫ്, 16 ജിബി വരെ റാം ശേഷി എന്നിവയും മാക്ക്ബുക്ക് എയറിന്റെ സവിശേഷതകളാണ്.

മാക്ക് ബുക്ക് എയര്‍

രൂപകല്‍പ്പനയില്‍ പുതിയ മാറ്റങ്ങളോടെയാണ് പുതിയ മാക്ക് ബുക്ക് എയര്‍ എത്തിയിരിക്കുന്നത്. റെറ്റിന ഡിസ്പ്ലേയാണ് പുതിയ മാക്ക്ബുക്ക് എയറിന്റെ മുഖ്യ സവിശേഷത. മാക്ക് ബുക്ക് എയര്‍ പരമ്പരയില്‍ ഇത് ആദ്യമായാണ് റെറ്റിന ഡിസ്പ്ലേ അവതരിപ്പിക്കപ്പെടുന്നത്. കീബോഡില്‍ പ്രത്യേകം ഒരു കീ ആയി ടച്ച് ഐഡി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സുരക്ഷയ്ക്കായി ആപ്പിളിന്റെ ടി2 ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

മാക്ക്ബുക്ക് എയറിന്റെ അടിസ്ഥാന മോഡലിന് എട്ട് ജിബി റാം (16 ജിബി പതിപ്പ് വരെയുണ്ട് ), ഇന്റല്‍ കോര്‍ ഐ5 പ്രൊസസര്‍, 128 എസ്എസ്ഡി ( 1.5 ടിബി വരെ ലഭ്യമാണ്) എന്നിവയാണുള്ളത്. ഇതിന് 1,199 ഡോളറാണ് വില. ഇത് 1,379 യൂറോ മുതല്‍ അയര്‍ലണ്ടില്‍ ലഭ്യമാകും.. നവംബര്‍ ഏഴ് മുതലാണ് ഇത് വിപണിയിലെത്തുക.

മൂന്നാം തലമുറ ബട്ടര്‍ഫ്ലൈ സംവിധാനം ഉപയോഗിച്ചുള്ള കീബോഡ് ആണ് മാക്ക്ബുക്ക് എയറില്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വലിയ ട്രാക്ക് പാഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുറഞ്ഞ പ്രകാശത്തിലും ബട്ടനുകള്‍ വ്യക്തമാവാന്‍ എല്‍ഇഡി പ്രകാശവും കീബോഡിനുണ്ട്. 13.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണിതിന്. ഇത് 48 ശതമാനം കൂടുതല്‍ നിറം നല്‍കുന്നു. ഡിസ്പ്ലേ ചട്ടയും മുന്‍ പതിപ്പുകളേക്കാള്‍ 50 ശതമാനം കുറച്ചിട്ടുണ്ട്. ഉയര്‍ന്ന ശബ്ദാനുഭവം നല്‍കുന്ന സ്റ്റീരിയോ സ്പീക്കറുകളാണ് മാക്ക്ബുക്കില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ബേസ് ശബ്ദത്തിന് നല്‍കുന്നു. മൂന്ന് മൈക്കുകളും ഇതില്‍ നല്‍കിയിരിക്കുന്നു.

ഇടത് ഭാഗത്തായി രണ്ട് യുഎസ്ബി സി തണ്ടര്‍ബോള്‍ട് 3 പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. ഇതുവഴി വൈദ്യുതി, യുഎസ്ബി, തണ്ടര്‍ബോള്‍ട് കണക്റ്റിവിറ്റി, എച്ച്ഡിഎംഐ, വിജിഎ, ഡിസ്പ്ലേ പോര്‍ട്ട് കണക്റ്റിവിറ്റി എന്നിവ സാധ്യമാണ്. ഡിസ്പ്ലേയ്ക്ക് മുകളിലായി ഫെയ്സ്ടൈം എച്ച്ഡി ക്യാമറയും നല്‍കിയിട്ടുണ്ട്.

ഐപാഡ് പ്രോ

ഫെയ്സ് ഐഡി, ലിക്വിഡ് റെറ്റിന ഡിസ്പ്ലേ എന്നിവയുള്‍പ്പെടുത്തി പുതിയ രൂപകല്‍പ്പനയിലാണ് ഐപാഡ് പ്രോ വിപണിയിലെത്തിക്കുന്നത്. എ12 ബയോണിക് ചിപ്പ്സെറ്റ്, എയ്റ്റ് കോര്‍ പ്രൊസസര്‍ എന്നിവയും ഐപാഡ് പ്രോയുടെ മുഖ്യ സവിശേഷതകളില്‍ ചിലതാണ്. 12.9 ഇഞ്ചിന്റെയും 11 ഇഞ്ചിന്റേയും രണ്ട് ഐപാഡ് പ്രോകളാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഇതിന് യഥാക്രമം 999 ഡോളറും( 1,129 യൂറോ ) 799 (909 യുറോ) എന്നിങ്ങനെയാണ് വില ആരംഭിക്കുക. നവംബര്‍ ഏഴിനാണ് ഇവ വില്‍പനയ്ക്കെത്തുന്നത്. 64ജിബി, 256 ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്.

ഇതിലെ ഫെയ്സ് ഐഡി സംവിധാനം ഐപാഡ് പ്രോ അണ്‍ലോക്ക് ചെയ്യാനും, ആപ്പുകളില്‍ ലോഗിന്‍ ചെയ്യാനും പേമെന്റ് നടത്താനും ഉപയോഗിക്കാം. ടൈപ് സി യുഎസ്ബി പോര്‍ട്ട് വഴി മറ്റ് ഉപകരണങ്ങളുമായുള്ള കണക്റ്റിവിറ്റിയും എളുപ്പമാവുന്നു. 12 മെഗാപിക്സലിന്റെ ക്യാമറയില്‍ 4കെ വീഡിയോഗ്രഫി, ഡോക്യുമെന്റ് സ്‌കാന്‍, ഫോട്ടോഗ്രാഫി, എആര്‍ ഉപയോഗങ്ങള്‍ എന്നിവ സാധ്യമാണ്.

ആപ്പിള്‍ പെന്‍സില്‍

നിങ്ങളുടെ സ്പര്‍ശനം തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് പുതിയ ആപ്പിള്‍ പെന്‍സില്‍. ബ്രഷുകള്‍ മാറ്റുന്നതിനും ഇറേസര്‍ മോഡിലേക്ക് കൊണ്ടുവരുന്നതിനും പെന്‍സിലില്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ മതി. കൈകളുടെ മര്‍ദം ഉപയോഗിച്ച് വരയുടെ കട്ടികൂട്ടാനും പെന്‍സില്‍ ചെരിച്ച് വെച്ച് ഷേഡിങ് ചെയ്യാനുമെല്ലാം സാധിക്കും. ഐപാഡ് പ്രോയോട് ചേര്‍ത്ത് വെച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന മാഗ്‌നറ്റിക്കല്‍ പെയര്‍ ആന്റ് ചാര്‍ജ് സൗകര്യം ഇതിനുണ്ട്. ഡിസൈന്‍ ആവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ് പുതിയ ആപ്പിള്‍ പെന്‍സില്‍.

മാക്ക് മിനി

ആപ്പിളില്‍ നിന്നുള്ള പുതിയ ഡെസ്‌ക് ടോപ്പ് ആണ് ആപ്പിള്‍ മാക്ക് മിനി. 799 ഡോളറാണ് ( 919 യൂറോ) ഇതിന് വില. പുതിയ ഇന്റല്‍ എട്ടാം തലമുറ പ്രൊസസര്‍, 64 ജിബി റാം, 2 ടിബി സ്റ്റോറേജ് ശേഷിയില്‍ കൂടുതല്‍ ശക്തിയേറിയ പ്രവര്‍ത്തന മികവുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തെര്‍മല്‍ കൂളിങ് സൗകര്യവും മാക്ക് മിനിയ്ക്കുണ്ട്. നവംബര്‍ ഏഴിന് തന്നെയാണ് മാക്ക് മിനിയും വിപണിയിലെത്തുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: