സനല്‍ കുമാറിന്റെ മരണത്തിന് കാരണക്കാരനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.

കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമായിരുന്നു അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

എന്നാല്‍ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാര്‍ നിബന്ധന വെച്ചിരുന്നു. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരുന്നത്. താനുള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ നെയ്യാറ്റിന്‍കരയിലുണ്ട്. അതിനാല്‍ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലായിരുന്നു ഹരികുമാര്‍ നിബന്ധന വെച്ചത്.

ഹരികുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഹരികുമാര്‍ സനലിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണ്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാഹനം വരുന്നത് കണ്ട പ്രതി സനല്‍കുമാറിനെ മനപ്പൂര്‍വം മുന്നിലേയ്ക്ക് തള്ളിയിട്ട് അപായപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കവെയാണ് ആത്മഹത്യ. സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു സനല്‍കുമാറിന്റെ കൊല. ഗുരുതരമായി പരിക്കേറ്റ സനല്‍കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാതെ സ്റ്റേഷനിലേയ്ക്ക് ആംബുലന്‍സ് വിട്ടു മരണം ഉറപ്പിച്ചതും രക്ഷപെടാന്‍ അവസരമൊരുക്കിയതും പോലീസ് ബുദ്ധിയായിരുന്നു. ഹരികുമാറിന്റെ പാര്‍ട്ടി ഇതിനു സഹായകമായി. എന്നാല്‍ സനല്‍കുമാറിന്റെ മരണം ജനം ഏറ്റെടുത്തതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: