ബിബിസിയുടെ കരുത്തരായ 100 സ്ത്രീകളില്‍ മലയാളി വനിതയും; അംഗീകാരത്തിന്റെ തിളക്കത്തില്‍ കോഴിക്കോട്ടുകാരി വിജി

ലോകത്തെ സ്വാധീനിച്ച ബിബിസിയുടെ നൂറുവനിതകളുടെ പട്ടികയില്‍ മലയാളി വനിതയും. സെയില്‍ ഗേള്‍സിന്റെ അവകാശ സംരക്ഷണത്തിനായി പോരാടിയ വിജി പെണ്‍കൂട്ടാണ് 73-ാം സ്ഥാനവുമായി പട്ടികയില്‍ ഇടംനേടിയത്. അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ് വിജി.

സ്ത്രീകളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജിയുടെ നേൃതൃത്വത്തിലുള്ള സംഘടനയാണ് പെണ്‍കൂട്ട്. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ കടകളില്‍ ജോലിയെടുക്കുന്ന വനിതകള്‍ ചേര്‍ന്ന് 2009ലാണ് പെണ്‍കൂട്ടിന് തുടക്കമിടുന്നത്. പെണ്‍കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന മൂത്രപ്പുര സമരത്തിന്റെ വിജയമായിരുന്നു ഇ ടോയ്ലറ്റിലേക്കുള്ള ചുവടുവെപ്പ്. തുണിക്കടയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പെണ്‍കൂട്ടത്തിന്റെ ഇരുപ്പ് സമരം തുടങ്ങുന്നത് അതിനുശേഷമാണ്. 2014-ല്‍ ആയിരുന്നു ഇത്. ഇരുപ്പ് സമരവുമായി ബന്ധപ്പെട്ട് വിജി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്ക് പട്ടികയില്‍ ഇടംനേടിക്കൊടുത്തത്.

മഹാരാഷ്ട്രയുടെ വിത്തമ്മ എന്നറിയപ്പെടുന്ന റാഹിബായ് സോമ, ബിസിനസ്സുകാരിയായ മീന ഗയെന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു രണ്ട് ഇന്ത്യന്‍ വനിതകള്‍. നൂറുവനിതകളുടെ പട്ടികയില്‍ 33-ാം സ്ഥാനം നേടിയ മീന മറ്റു വനിതകള്‍ക്കൊപ്പം ചേര്‍ന്ന് സുന്ദര്‍ബന്‍ മേഖലയിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ഇഷ്ടിക കൊണ്ടുള്ള പത്തുകിലോമീറ്ററോളം നീളമുള്ള റോഡുകള്‍ ഇവര്‍ പണിതീര്‍ത്തിരുന്നു. പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ കെല്‍പ്പുള്ളവയാണ് ഈ റോഡുകള്‍.

മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലക്കാരിയാണ് റഹിബായ്. തദ്ദേശ വിത്തിനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം മുഴുവന്‍ ഇവര്‍ സഞ്ചരിക്കുന്നുണ്ട്. ഇതിനുപുറമെ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും ഇവര്‍ ആളുകളെ ബോധവല്‍ക്കരിക്കാറുണ്ട്. കൃഷിയില്‍ നിന്നും കെമിക്കലുകളെ അകറ്റി നിര്‍ത്തണമെന്നാണ് റഹിബായുടെ പക്ഷം. ഹൈബ്രിഡ് വിളയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആരോഗ്യം നശിക്കുന്നതിനും വിവിധ അസുഖങ്ങള്‍ വരുന്നതിനുമുള്ള പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു. കൃഷിയെ സ്നേഹിക്കുക മാത്രമല്ല റഹിബായ് തന്റെ സമുദായത്തെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാര്‍ഷിക രംഗത്തെ ഇവരുടെ സംഭാവനകള്‍ കണക്കിലെടുത്താണ് ബിബിസിയുടെ 100 വനിതകളുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചരിത്രം സൃഷ്ടിക്കുന്ന വനിതകളെ ചൂണ്ടിക്കാട്ടുകയാണ് ബിബിസിയുടെ 100 വനിതകളുടെ പട്ടിക. അറുപത് രാജ്യങ്ങളില്‍ നിന്നായാണ് 15നും 94നും ഇടയില്‍ പ്രായമുള്ള 100 വനിതകളെ ബിബിസി കണ്ടെത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: