തെരേസ മേയുടെ ബ്രക്സിറ്റ് കരട് ഉടമ്പടിയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ; ഞായറാഴ്ച നിര്‍ണ്ണായക ചര്‍ച്ച

ബ്രസല്‍സ്: തെരേസ മേയുടെ പരിഷ്‌കരിച്ച ബ്രക്സിറ്റ് കരാര്‍ ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍. കരട് ഉടമ്പടിയും രാഷ്ട്രീയ പ്രമേയവും ഇ.യു. തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന നിര്‍ണായക യോഗത്തില്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും ചേര്‍ന്ന് കരാറിന് അന്തിമ അനുമതി നല്‍കും എന്നാണു പ്രതീക്ഷിക്കുന്നത്. ജിംബ്രാള്‍ട്ടര്‍ വിട്ട് നല്‍കണമെന്നാണ് സ്‌പെയിന്‍ തെരേസയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം കരട് ഉടമ്പടി വീറ്റോ ചെയ്യുമെന്നാണ് ഭീഷണി. എന്നാല്‍ വിഷയം പരിഹരിക്കാനും ഏകകണ്ഠം ആയി ബ്രക്സിറ്റ് കരട് ഉടമ്പടി അംഗീകരിക്കാനാണ് യൂണിയന്റെ ശ്രമം.

ഞായറാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗം ബ്രക്സിറ്റ് കരാറിനും ശേഷം ബ്രിട്ടണ്‍-ഇ.യു. ബന്ധത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനും അന്തിമ അംഗീകാരം നല്‍കിയാലും തെരേസ മേയുടെ അഗ്‌നി പരീക്ഷ തീരില്ല. യൂണിയന്‍ അംഗീകാരത്തിന് ശേഷം ബ്രിട്ടണ്‍ പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസയുടെ അടുത്ത കടമ്പ. ബ്രക്സിറ്റ് നടപ്പിലാക്കിയാലും ഇ.യുവുമായിട്ടുള്ള ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്ന കരട് രാഷ്ട്രീയ പ്രമേയമാണ് ബ്രിട്ടണും ഇ.യു.വും അംഗീകരിക്കുന്നത്. ഇത് ഭരണകക്ഷിയിലും സഖ്യ കക്ഷിയായ ഡിയുപിയിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.

ഇ.യു.വില്‍ നിന്ന് പുറത്തായതിന് ശേഷം വാണിജ്യം, സുരക്ഷ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ എങ്ങനെയാവണം എന്നതിന്റെ കരട് രൂപത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. കൂടാതെ ക്രിമിനല്‍, നീതിന്യായം, വിദേശനയം, പ്രതിരോധം തുടങ്ങിയവയും പ്രമേയത്തില്‍ വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് ജനത സമാധാനപരമായ ബ്രാക്സിറ്റാണ് ആഗ്രഹിക്കുന്നതെന്ന് മേ പറഞ്ഞു. ബ്രിട്ടീഷുജനതയുടെ ഭാവിക്ക് വേണ്ടിയുള്ള മികച്ച ഡീലിനാണ് ശ്രമമെന്നാണ് തെരേസ പറയുന്നത്.

ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ഡിയുപി ഫിനാന്‍സ് ബില്ലിനെതിരെ വോട്ടു ചെയ്യും എന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷമായിപ്പോയ തെരേസ മേ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് പത്തംഗങ്ങള്‍ ഉള്ള ഡിയുപി ആണ്. ഏഴു മന്ത്രിമാര്‍ രാജിവച്ചതിന്റെ ക്ഷീണത്തിനു പിന്നാലെയാണ് ഡിയുപിയുടെ വിലപേശല്‍. പുതിയ ബ്രക്സിറ്റ് ഡീലിനെതിരെ പ്രധാനമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നീക്കങ്ങള്‍ സജീവമായതും രണ്ടു ഡസന്‍ കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയില്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്തയക്കുകയും ചെയ്തിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: