ലൈംഗികാരോപണം: പി.കെ ശശിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. യുവതിയുടെ പരാതി അന്വേഷിക്കാന്‍ മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെ സി പി എം നിയോഗിച്ചിരുന്നു. ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഈ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ മുഖ്യതെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

അതേസമയം വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന എ കെ ബാലന്റെ വാദം പി കെ ശ്രീമതി തള്ളി. ആരോപണം ഉയര്‍ന്നതിനു ശേഷവും പാര്‍ട്ടി പരിപാടികളില്‍ ശശി സജീവമായിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം സി പി എം ശശിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ശശിക്കെതിരെ വനിതാ നേതാവ് പരാതിയുമായി മുന്നോട്ട് വന്നത്. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ശശിക്കെതിരെയാണ് അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ പരാതിക്കാരിക്ക് നേരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശി കുറ്റക്കാരനാണ് എന്ന് വിലയിരുത്തിയാണ് കടുത്ത നടപടിയിലേക്ക് തന്നെ സിപിഎം കടന്നിരിക്കുന്നത്. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണ് എന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും കൈയും നീട്ടി സ്വീകരിക്കുന്നു എന്നാണ് പികെ ശശിയുടെ ആദ്യ പ്രതികരണം. 6 മാസം കഴിഞ്ഞ് ശശിക്ക് പാര്‍ട്ടിയിലേക്ക് തിരികെ വരാം. എന്നാല്‍ പ്രാഥമിക അംഗത്വം അടക്കമെടുത്ത് ഒന്നില്‍ നിന്ന് തുടങ്ങേണ്ടതായി വരും. ശശിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന വിമര്‍ശനം നേരിടുകയും വിഎസ് അച്യുതാനന്ദന്‍ അടക്കം കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം പുറത്താക്കല്‍ നടപടിയിലേക്ക് കടന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: