3000 കൊല്ലം പഴക്കമുള്ള കല്ലറ തുറന്ന് പരിശോധിച്ച് ഗവേഷകര്‍; മമ്മിക്കൊപ്പം 1000 ചെറു ആള്‍രൂപങ്ങള്‍

3000 കൊല്ലത്തിലധികം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മി ലക്സറില്‍ തുറന്നു പരിശോധിച്ചു. നവംബര്‍ ആദ്യമാണ് രണ്ടു ശവക്കല്ലറകള്‍ പര്യവേഷകര്‍ കണ്ടെത്തിയത്. നൈല്‍ നദീതീരത്തെ എല്‍-അസാസഫിന്റെ തെക്കന്‍ ഭാഗത്ത് ഫ്രഞ്ച് പര്യവേഷകര്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് പുരാതനമായ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. രണ്ടു കല്ലറകളും വ്യത്യസ്ത രാജവംശക്കാലഘട്ടത്തിന്റേതാണ്. 17, 18 രാജവംശക്കാലങ്ങളിലേതാണ് ഇവയെന്ന് ഗവേഷകര്‍ അറിയിച്ചു. രണ്ടു കല്ലറകളിലും സംസ്‌കരിച്ചു സൂക്ഷിച്ച മമ്മികള്‍ കണ്ടെത്തി.

ശവക്കല്ലറകളില്‍ ഒരെണ്ണം ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകര്‍ നേരത്തെ തുറന്നു പരിശോധിച്ചിരുന്നു. രണ്ടാമത്തേതിന്റെ പരിശോധന അന്താരാഷ്ട്രമാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു. ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് പരിശോധനയില്‍ പങ്കെടുക്കാനാനുള്ള അനുമതി ലഭിച്ചത്. 18-ാം രാജവംശത്തിന്റെ മമ്മി ഒരു സ്ത്രീയുടേതാണ്. ബിസി 13 കാലത്തേതാണ് ഈ മമ്മി. ബിസി 13 കാലഘട്ടം പല പ്രശസ്ത ഫറവോമാരുടേയും ഭരണകാലമായിരുന്നു. തൂത്തന്‍ഖാമന്‍,രാമസസ് II എന്നീ ഫറവോമാര്‍ 18 രാജവംശത്തിലേതാണ്.

മമ്മിയോടൊപ്പം ചായം പൂശിയ അഞ്ച് മുഖം മൂടികളും ആയിരത്തോളം ഉഷാബ്തി പ്രതിമകളും കണ്ടെത്തി. ചെറിയ ആള്‍രൂപങ്ങളാണ് ഉഷാബ്തി പ്രതിമകള്‍. മരണാനന്തരജീവിതത്തില്‍ പരിചാരകവൃത്തിക്കായാണ് ഭൃത്യന്മാരെന്ന് സങ്കല്‍പിച്ച് ഇത്തരം ആള്‍രൂപങ്ങള്‍ മമ്മികള്‍ക്കൊപ്പം സൂക്ഷിക്കുന്നത്. മുന്നൂറ് ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ അഞ്ചു മാസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്താണ് ശവക്കല്ലറകള്‍ കണ്ടെത്തിയത്. ഉടമയുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങള്‍ കല്ലറയുടെ മേല്‍ഭിത്തിയില്‍ വരച്ച് ചായംപൂശിയിരുന്നു.

മരണാനന്തജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഈജിപ്റ്റുകാര്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്നത് പതിവായിരുന്നു. മൃഗങ്ങളുടെ ശരീരങ്ങളും ചിലയവസരങ്ങളില്‍ സംരക്ഷിച്ച് സൂക്ഷിച്ചിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ശവശരീരങ്ങള്‍ കേടു കൂടാതെ ഇവര്‍ സൂക്ഷിച്ചിരുന്ന വിദ്യ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും അന്യമാണ്.

പര്യവേഷണങ്ങളിലൂടെ ഈ വര്‍ഷം ഈജിപ്റ്റില്‍ നിന്ന് ഒരു ഡസനിലധികം പുരാവസ്തുശേഖരം കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. പിരമിഡുകളും ക്ഷേത്രങ്ങളും ഈജിപ്റ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: