ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ആദ്യവിമാനം അബൂദാബിയിലേക്ക്

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കിയാല്‍ എംഡി വി തുളസീദാസ് അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ടെര്‍മിനല്‍ കെട്ടിടത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിക്കും. പിന്നീട് വിമാനത്താവളത്തില്‍ നിന്നും ആദ്യം പറന്നുയരുന്ന വിമാനത്തിന്റെ ഫ്ളാഗ്ഓഫും ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കും.

ആദ്യവിമാനം മട്ടന്നൂരില്‍ നിന്നും അബൂദാബിയിലേക്കാണ് പറക്കുന്നത്. യാത്രക്കാര്‍ ഏഴ് മണിക്ക് മുമ്പ് തന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പരിശോധനക്ക് വിധേയമാക്കണം. അന്ന് തന്നെ യാത്രക്കാരുമായുള്ള ആദ്യ വിമാനവും കണ്ണൂരില്‍ ഇറങ്ങും. കണ്ണൂര്‍ വിമാനത്താവളത്തെ ഏറെ ആശ്രയിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരായതിനാല്‍ നിലവില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും ആ മേഖലകളിലേക്കാണ് നടക്കുക. ചെന്നൈ, ബാംഗ്ലൂര്‍, ഗോവ, ഹൈദരാബാദ്, ഹൂബ്ലി, ബോംബെ, തിരുവനന്തപുരം തുടങ്ങിയ ആഭ്യന്തര സര്‍വീസുകളും കണ്ണൂരില്‍ നിന്നുണ്ടാകും. കണ്ണൂരില്‍ നിന്ന് ചെലവ് കുറഞ്ഞ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ പല കമ്പനികളും ഇതിനകം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ ദിനംപ്രതി 13ഓളം വിമാനം സര്‍വീസ് നടത്തും. വിദേശ വിമാന കമ്പനികള്‍ക്ക് തല്‍ക്കാലം അനുമതി ലഭിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഡിസംബര്‍ ഒമ്പതിന് തുടങ്ങാന്‍ കഴിയില്ലെന്ന് എംഡി അറിയിച്ചു. ഒരു മണിക്കൂറില്‍ 2000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കും. വിമാനത്താവളത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാകുമ്പോഴേക്കും 2350 കോടി രൂപയോളം നിര്‍മ്മാണ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: