ബ്രെക്‌സിറ്റ് കരാറില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ ഇളവ് ഇല്ല

ബ്രക്സിറ്റ് ഡീലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചശേഷം യൂറോപ്യന്‍ നേതാക്കളെ കണ്ടു അനുനയിപ്പിക്കാന്‍ പോയ പ്രധാനമന്ത്രി തെരേസ മേ വെറും കൈയോടെ ബ്രസല്‍സില്‍ നിന്ന് മടങ്ങി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ക്കായുള്ള തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ തള്ളി.

വീണ്ടുമൊരു വിലപേശലിന് സാധ്യതയില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് യുകെ കൂടുതല്‍ വ്യക്തമാക്കുകയാണ് ചെയ്യേണ്ടതെന്നും ജങ്കര്‍ നിര്‍ദേശിക്കുന്നു. നോ-ഡീല്‍ ബ്രെക്സിറ്റിനുള്ള ഒരുക്കങ്ങളെക്കുറിച്ച് കമ്മീഷന്‍ വിവരങ്ങള്‍ ഡിസംബര്‍ 19ന് പ്രസിദ്ധീകരിക്കുമെന്നും ജങ്കര്‍ വെളിപ്പെടുത്തുന്നു.

ഇളവുകള്‍ അനുവദിക്കുന്നതിനായി യൂണിയന്‍ നേതാക്കളുമായി മേ പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉടമ്പടിയില്‍ പാര്‍ലമെന്റ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് പോകാനായിരുന്നു മേ നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നു കണ്ടു വോട്ടെടുപ്പ് നീട്ടി വച്ച ശേഷം ബ്രസല്‍സിലേക്ക് തിരിക്കുകയായിരുന്നു.

ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ ഇളവ് വേണമെന്നാണ് യൂറോപ്യന്‍ യൂണിയനോട് മേ പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രക്സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രക്സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു മേയ്ക്ക് എതിരെ ശക്തമായ നീക്കമുണ്ടായി. ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്തുമെന്നായിരുന്നു എംപിമാരുടെ വാദം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കാമെന്നായിരുന്നു മേയുടെ വാഗ്ദാനം. ജനുവരി 21ന് ശേഷം മാത്രമാകും ഹൗസ് ഓഫ് കോമണ്‍സില്‍ ഇനി ബ്രക്സിറ്റ് കരാര്‍ അവതരിപ്പിക്കുക. ബ്രക്സിറ്റ് ഡീല്‍ പരാജയപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോഴും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: