കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കിയത് 4.2 കോടി കുരുന്നു ജീവനുകള്‍; ഗര്‍ഭഛിദ്ര അനുകൂലികളായ രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐറിഷ് ബിഷപ്പ്

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മരണത്തിന് കാരണമായത് ഗര്‍ഭഛിദ്രം വഴിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2018-ല്‍ 4.2 കോടി കുരുന്നു ജീവനുകളാണ് ഗര്‍ഭഛിദ്രം എന്ന ക്രൂര നരഹത്യയിലൂടെ കൊല്ലപ്പെട്ടത്. ലോകത്തെ ഏറ്റവും മികച്ച സൌജന്യ റഫറന്‍സ് വെബ്‌സൈറ്റെന്ന് അമേരിക്കന്‍ ലൈബ്രറി അസ്സോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വേള്‍ഡോമീറ്ററിന്റേതാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട്. സര്‍ക്കാരുകളില്‍ നിന്നും പ്രസിദ്ധ സംഘടനകളില്‍ നിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ക്കാധാരം.

റിപ്പോര്‍ട്ട് പ്രകാരം 2018 ഡിസംബര്‍ 31 വരെ 82 ലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി മൂലവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്‌സ് മൂലവും മരണപ്പെട്ടപ്പോള്‍ ഏതാണ്ട് 41.9 മില്യണ്‍ കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ അബോര്‍ഷന്‍ കണക്കുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തിലെ മൂന്നിലൊന്ന് ഗര്‍ഭധാരണവും (23 ശതമാനം) അബോര്‍ഷനിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 33 ശിശുക്കളില്‍ പത്തു പേര്‍ വീതം കൊല ചെയ്യപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏതാണ്ട് 5.9 കോടി മരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ജനിക്കുന്നതിനു മുന്‍പ് കൊല ചെയ്യപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

അയര്‍ലണ്ടില്‍ ജനുവരി ഒന്ന് മുതല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിരുന്നു. അബോര്‍ഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തില്ലെന്ന് അയര്‍ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. അബോര്‍ഷന്‍ ബില്ലിനെപ്പറ്റി വ്യക്തമായ ധാരണ സ്ത്രീകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭ്രൂണഹത്യയ്ക്ക് പകരമായി സ്വീകരിക്കാന്‍ കഴിയുന്ന മറ്റ് മാര്‍ഗങ്ങളെപ്പറ്റി ബോധവത്കരണം നടത്തുമെന്നും പ്രോലൈഫ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

അതേസമയം അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് വേണ്ടി നിരന്തരം പ്രചാരണം നടത്തിയ കത്തോലിക്ക രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എല്‍ഫിന്‍ രൂപതാദ്ധ്യക്ഷന്‍ കെവിന്‍ ഡോറാന്‍ രംഗത്തെത്തി. തങ്ങളുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭയെ ധിക്കരിച്ച് അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരുടെ നടപടിയെ തികച്ചും ഖേദകരം എന്നാണ് ബിഷപ്പ് വിശേഷിപ്പിച്ചത്.

തങ്ങളുടെ ഈ പ്രവര്‍ത്തിയുടെ അനന്തരഫലങ്ങള്‍ വഴി അവര്‍ സമൂഹത്തിന്റെ മേല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് കെട്ടിവച്ചിരിക്കുന്നത്. നിഷ്‌കളങ്കമായ മനുഷ്യ ജീവനെ ഇല്ലാതാക്കുവാനായി ആവശ്യപ്പെടുകയും പ്രചാരണം നടത്തുകയും ചെയ്ത തങ്ങളുടെ പ്രവര്‍ത്തിയെ ഓര്‍ത്ത് മാനസാന്തരപ്പെടുകയും, സുവിശേഷത്തിലേക്ക് തിരികെ വരുവാനും അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരെ മെത്രാന്‍ ക്ഷണിച്ചു. സഭയില്‍ നിന്നും ഒറ്റപ്പെട്ടേക്കാവുന്ന ഒരവസ്ഥയാണ് അവര്‍ സ്വയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: