516,000 രോഗികള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്‍മെന്റിനായി കാത്തിരിക്കുന്നു

ഡബ്ലിന്‍: ഓരോ മാസത്തേയും കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കുറവില്ല. നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മാസം പിന്നേയും വര്‍ധനവ് രേഖപ്പെടുത്തി. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഡിസംബര്‍ മാസത്തില്‍ 516,162 രോഗികളാണ് ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടരുന്നത്. നവംബറില്‍ ഈ കണക്ക് 515,360 വരെയായിരുന്നു.

വിന്റര്‍ കടുത്തതോടെ പനിയും മറ്റ് ശൈത്യകാല രോഗങ്ങളും വര്‍ധിച്ചതാണ് ആശുപത്രി തിരക്കുകള്‍ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ഒന്‍പത് മാസത്തിലേറെയായി അപ്പോയിന്മെന്റിനായി കാത്തിരിക്കുന്നത് 196,472 രോഗികളാണ്. രാജ്യത്തെ എല്ലാ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ലെന്നും വെയിറ്റിങ് ലിസ്റ്റിലുള്ള രോഗിയാളുടെ എണ്ണത്തില്‍ അടിക്കടി വര്‍ധന വന്നുകൊണ്ടിരിക്കുകയാണെന്നും നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ അടിയതിര നടപടികള്‍ ആവശ്യപ്പെട്ട് ഫിയാന ഫെയ്ല്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 71,000 രോഗികളും ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 516,162 പേരുമാണ് അവസാന മാസത്തില്‍ അപ്പോയ്മെന്റിനായി കാത്തിരിക്കുന്നത്. ഇന്‍പേഷ്യന്റ് അപ്പോയ്‌മെന്റുകള്‍ ഒരു ദിവസമെങ്കിലും രാത്രിയില്‍ ആശുപത്രിയില്‍ തങ്ങുന്ന കേസുകളാണ്. അതേസമയം ഔട്ട്‌പേഷ്യന്റ് അപ്പോയ്‌മെന്റുകളോ പ്രോസീജറുകളോ പകല്‍ സമയത്ത് ചെയ്തു തീര്‍ക്കാവുന്ന കേസുകളാണ്. ഇതില്‍ പലരുടെയും അപ്പോയ്മെന്റുകള്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് അപ്പോയിന്മെന്റിനായി ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണം 152,940 ആണെന്ന് ഫിയാന ഫെയ്ല്‍ ആരോഗ്യ വകുപ്പ് വക്താവ് സ്റ്റീഫന്‍ ഡോണലി പ്രസ്താവിച്ചു.

വരുന്ന ആഴ്ചകളില്‍ നേഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചതും ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കും. പല മേഖലകളിലും വേണ്ടത്ര കണ്‍സള്‍ട്ടന്റുമാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പൊതു ആശുപത്രി സംവിധാങ്ങള്‍ പുനഃക്രമീകരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും ആശുപത്രികളില്‍ അടിസ്ഥാന വികസന സൗകര്യമോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്ത സ്ഥിതി വിശേഷം തീര്‍ത്തും അപലപനീയം തന്നെയാണ്. ആരോഗ്യ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ഇപ്പോള്‍ നേരിടുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് താല്‍ക്കാലികമായ ശമനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: