ഐറിഷ് നേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശമ്പള സ്ലിപ്പ് വൈറലാകുന്നു

ജോയന്ന ഹിക്കി എന്ന നഴ്‌സ് സ്വന്തം ശമ്പള സ്ലിപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത് വൈറലായിട്ടുണ്ട്. പ്രതിവര്‍ഷം 57,000 യുറോവരെ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന വാദഗതി പൊളിക്കുകയായിരുന്നു ജോയന്നയുടെ ലക്ഷ്യം. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലിനോക്കുന്ന ജോയന്നയ്ക്ക് പ്രതിമാസം 1,120.80 യൂറോ മാത്രമാണ് ശമ്പളം. തന്റെ കുഞ്ഞിനോടും ഭര്‍ത്താവിനോടുമൊപ്പം സമയം ചിലവഴിക്കാനാവാതെ വാരാന്ത്യത്തിലും രാത്രിയിലും ഓവര്‍ ഡ്യൂട്ടി ചെയ്താല്‍ കൂടുതലായി 100 യൂറോയും മാത്രമാണ് വേതനമായി ലഭിക്കുകയെന്നും ജോയന്നയുടെ സാലറി സ്ലിപ് വെളിപ്പെടുത്തുന്നു.

൩൯ മണിക്കൂറോളം ജോലിചെയ്യുന്ന താൻ (തിരക്കുള്ള സമയങ്ങളിൽ ൪൫ മണിക്കൂറോളം) ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമാണ് പാരന്റൽ ലീവിനായി മാറ്റിവയ്ക്കുന്നതെന്ന് ജോയന്ന സാക്ഷ്യപ്പെടുത്തുന്നു. രോഗികളുടെ സംരക്ഷണത്തിനായി അഹോരാത്രം അധ്വാനിക്കുന്ന നേഴ്‌സുമാരുടെ അവസ്ഥ ഞെട്ടലുളവാക്കുന്നതാണെന്ന് നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളിലൂടെ അറിയിച്ചു. കുറഞ്ഞ വേതനത്തിൽ ജോലിനോക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ ലഭിക്കുന്ന ശമ്പളത്തില്‍ അതൃപ്തരാണെന്ന് നേഴ്‌സുമാര്‍ പറഞ്ഞിട്ടില്ലെന്ന് അറിയിച്ച് സാമൂഹിക സുരക്ഷ വകുപ്പ് മന്ത്രി റെജീന ദോഹര്‍ത്തി നേരത്തെ രംഗത്തെത്തിയിരുന്നു. പബ്ലിക് സര്‍വീസ് പേ കമ്മീഷന്‍ നിര്‍ദേശിച്ച ശമ്പള വ്യവസ്ഥകള്‍ നല്‍കാന്‍ ഗവണ്മെന്റ് തയാറാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 3000 യൂറോ വരെ ഈ വര്‍ഷം ശമ്പള വര്‍ധനവ് ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിലവിലുള്ള ശമ്പള സ്‌കെയിലില്‍ വിദഗ്ധ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളത് HSE യ്ക്ക് ദുഷ്‌കരമാണെന്നും INMO വെളിപ്പെടുത്തുന്നു. ഒരേ ലെവല്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ഫിസിയോതെറാപ്പിസ്റ്റിന് അയര്‍ലണ്ടിലെ നേഴ്‌സുമാരേക്കാള്‍ 7000 യൂറോയോളം അധിക ശമ്പളം ലഭിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ ബിരുദധാരികളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം നേഴ്സുമാര്‍ക്കാണെന്ന് ഫിയന്ന ഫെയ്ല്‍ വക്താവ് സ്റ്റീഫന്‍ ഡോണലി വ്യക്തമാക്കി.

ജോയന്നയുടെ ട്വീറ്റ് വൈറലായതിനെ തുടർന്ന് നിരവധിപേർ സ്വന്തം അനുഭങ്ങളും നേഴ്സുമാരായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേഴ്‌സുമാർക്ക് വാർഷിക ശമ്പളം 57,000 യുറോ ലഭിക്കുന്നുവെന്നത് മിഥ്യധാരണ മാത്രമാണെന്നും നേഴ്സായ സാന്ദ്ര വെളിപ്പെടുത്തുന്നു. രോഗികളുടെ പരിചരണത്തിനായി ദിവസവും ൧൨ മണിക്കൂറോളം ജോലിചെയ്യുന്ന അടുത്ത സുഹൃത്തിനെക്കുറിച്ചാണ് സാമന്ത കുറിപ്പെഴുതിയിരിക്കുന്നത്. ഏതായാലും നേഴ്‌സുമാർ വരുന്ന ആഴ്ചകളിൽ നടത്താനിരിക്കുന്ന പണിമുടക്കിന് വൻജനപിന്തുണയാണ് ലഭിക്കുന്നത്.

https://twitter.com/Kev15178851/status/1083278896877981696

Share this news

Leave a Reply

%d bloggers like this: