മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഐറിഷ് കടല്‍ത്തീരം വീണ്ടും അപ്രത്യക്ഷമായി; വിശ്വസിക്കാനാവാതെ ആഷില്‍ ദ്വീപ് നിവാസികള്‍

മായോ: ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ കടല്‍ത്തീരം 33 വര്‍ഷത്തിനു ശേഷം തിരികെ എത്തിയതിന്റെ പേരില്‍ ലോകപ്രശസ്തമായ ഐറിഷ് കടല്‍ത്തീരമാണ് കൗണ്ടി മായോയുടെ ഭാഗമായ ആഷില്‍ ദ്വീപിലെ ദൂവാഹ് കടല്‍തീരം. 2017 ഏപ്രിലിലാണ് കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ കടല്‍ത്തീരം തിരികെയെത്തിയത്. എന്നാല്‍ ഈ വിന്റര്‍ സീസണില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ വീണ്ടും ഈ സുന്ദര തീരം അപ്രത്യക്ഷമായതിന്റെ ഞെട്ടലിലാണ് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലുള്ള ആഷില്‍ ദ്വീപ് നിവാസികള്‍.

1984ലാണ് ആദ്യമായി ആഷില്‍ ദ്വീപിലെ മണലെല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്. മണല്‍ മാറി പാറക്കൂട്ടങ്ങള്‍ തീരം കൈയടിക്കിയതോടെ ആരും ഈ സുന്ദരമായ ബീച്ചിലേക്കെത്താതായി. ഇതോടെ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. എന്നാല്‍ 33 വര്‍ഷത്തിനു ശേഷം പ്രകൃതി അത്ഭുതം പ്രവര്‍ത്തിച്ചു. 2017 ലെ കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് ടണ്‍ കണക്കിനു മണല്‍ വിരിച്ചു ബീച്ച് തിരികെയെത്തിച്ചു. ഒരു രാത്രി കൊണ്ടാണ് പ്രകൃതി ഇവിടെ അത്ഭുതം സൃഷ്ടിച്ചത്. പത്തു ദിവസത്തോളം ഈ പ്രക്രിയ തുടര്‍ന്നു. ഏകദേശം 300 മീറ്ററോളം വരുന്ന പ്രദേശത്താണ് മണല്‍ വിരിച്ച് മനോഹരമായ കടല്‍ത്തീരം സമ്മാനിച്ചത്. അന്തര്‍ദേശീയ തലത്തില്‍ സംഭവം വാര്‍ത്താപ്രാധാന്യം നേടിയതോടെ ഈ കടല്‍ത്തീരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും ആരംഭിച്ചു, നിരവധി തൊഴിലവസരങ്ങള്‍ക്കും ഇത് വഴിയൊരുക്കി.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അയര്‍ലണ്ടില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തീരത്തെ മണലെല്ലാം തിരമാലകള്‍ തിരികെയെടുത്തു. ഇപ്പോള്‍ ഇവിടം വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി. ബീച്ചിനു സമീപത്തുണ്ടായിരുന്ന നൂറുകണക്കിനു ഹോട്ടലുകളും മറ്റും അടച്ചു പൂട്ടേണ്ടി വന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്ഭുതം വീണ്ടും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: