മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം

കോല്‍ക്കത്ത: ബി.ജെ.പി വിരുദ്ധ മുന്നണിയുടെ വേദിയായി കൊല്‍ക്കത്തയിലെ ഐക്യ ഇന്ത്യ റാലി മാറി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ ഇടതുപാര്‍ട്ടികള്‍ ഒഴികെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം പങ്കെടുത്തു. ബിജെപി ഭരണത്തിന്റെ കഥ കഴിഞ്ഞെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചപ്പോള്‍ മഹാസഖ്യം രാജ്യത്തെ മൊത്തം ജനങ്ങള്‍ക്ക് എതിരെയുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി. തെരഞ്ഞടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെകോല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തു നടന്ന ഐക്യ ഇന്ത്യ റാലി പ്രതിപക്ഷത്തിന്റെ കരുത്തു തെളിയിക്കുന്നതായി.

തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ കൈകോര്‍ത്തത് കോണ്‍ഗ്രസ് മുതല്‍ പ്രാദേശിക കക്ഷികള്‍വരെയുള്ള ഇരുപതിലധികം പാര്ടികളുടെ നേതാക്കള്‍. മോഡി ഭരണത്തിന്റെ അവസാനമായെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി നുണയുടെ നിര്‍മ്മാതാവും മൊത്തക്കച്ചവടക്കാരനും വിതരണക്കാരനുമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ബിജെപിക്കെതിരേ ശക്തമായ പ്രതികരണങ്ങളുമായി പഴയ കൂട്ടാളികളായ ശത്രുഘ്നന്‍ സിന്‍ഹയും അരുണ്‍ ഷൂരിയും രംഗത്തു വന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല.

തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., ജനതാദള്‍, ആര്‍.ജെ.ഡി., ഡി.എം.കെ., തെലുഗുദേശം, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., രാഷ്ട്രീയ ലോക്ദള്‍, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഒരുചേരിയിലാണ്. മഹാരാഷ്ട്രയില്‍ ഉടക്കിനില്‍ക്കുന്ന ശിവസേനയും പൗരത്വപ്രശ്‌നത്തിന്റെപേരില്‍ ബി.ജെ.പി. സഖ്യംവിട്ട അസം ഗണപരിഷത്തും എടുക്കുന്ന നിലപാടും നിര്‍ണായകമാകും. സംസ്ഥാനതലങ്ങളിലും ദേശീയതലത്തിലും ബി.ജെ.പി.ക്കെതിരേ സഖ്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രതിപക്ഷപാര്‍ട്ടികളുടെ തന്ത്രം. ബി.ജെ.പി.ക്ക് നിര്‍ണായക സ്വാധീനമുള്ള യു.പി., ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം സഖ്യങ്ങളും സീറ്റുധാരണയും ആയിക്കഴിഞ്ഞു. യു.പി.യിലെ സമാജ്വാദി-ബി.എസ്.പി. സഖ്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭാഗമല്ലാത്തത്.

പരമാവധി തന്ത്രപരമായ സഖ്യങ്ങളിലേര്‍പ്പെട്ട് ബി.ജെ.പി.യുടെ സീറ്റുകളുടെ എണ്ണം 150-ല്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ അംഗബലം നിലവിലെ 44-ല്‍നിന്ന് ഉയരുമെന്നും പ്രതിപക്ഷത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അവര്‍ മാറുമെന്നും ഉറപ്പാണ്. സ്വന്തംനിലയ്ക്ക് 100 സീറ്റിലധികം നേടിയാല്‍ ‘ഐക്യ ഇന്ത്യ’ കൂട്ടായ്മയിലെ പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

Share this news

Leave a Reply

%d bloggers like this: