മെക്സിക്കോയില്‍ പൈപ്പ്ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 73 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്ത് ഇന്ധന മോഷ്ടാക്കള്‍ എണ്ണ പൈപ്പ്ലൈന്‍ പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 73 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൈപ്പ് പൊട്ടി എണ്ണ ഒഴുകിയത് ശേഖരിക്കുവാന്‍ ധാരളം പേര്‍ കണ്ടെയ്നറുകളുമായി എത്തിയിരുന്നുവെന്നും ഇവരില്‍ മിക്കവും സ്ഫോടനത്തില്‍ ചാരമായെന്നും അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇന്ധന മോഷ്ടാക്കള്‍ പൈപ്ലൈന്‍ ഡ്രില്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി പൈപ്പ്ലൈന്‍ തകര്‍ത്തതാണ് പ്രശ്നമായെന്ന്, മെക്സിക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പെട്രോളിയം കമ്പനിയായ പെമെക്സ് അറിയിച്ചു.

കാനുകളുമായി എണ്ണ ശേഖരിക്കാന്‍ എത്തിയവരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാ വിഭാഗത്തിനു കഴിഞ്ഞിരുന്നുവെങ്കില്‍ ദുരന്തം ഇത്ര തീവ്രമാകില്ലായിരുന്നുവെന്ന് വിമര്‍ശനമുണ്ട്. എണ്ണ ശേഖരിക്കാന്‍ ധാരാളം പേര്‍ എത്തിയതു കൊണ്ട് കുഴപ്പം ഒഴിവാക്കാന്‍ സുരക്ഷാ വിഭാഗം സംഭവ സ്ഥലത്തു നിന്ന് മാറിയതാണെന്ന് പറയപ്പെടുന്നു. എണ്ണ മോഷണം മെക്സിക്കോയില്‍ വ്യാപകമായുള്ള സംഭവമാണ്. കഴിഞ്ഞ വര്‍ഷം മൂന്നു ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ സര്‍ക്കാരിനു നഷ്ടമായതെന്ന് കണക്കുകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: