ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം; ഡബ്ലിനില്‍ പിടികൂടിയ നാല് പേരെ ഗാര്‍ഡ ചോദ്യം ചെയ്യുന്നു

ഡബ്ലിന്‍: സിറിയയിലെ ഐഎസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സംശയത്തില്‍ ഡബ്ലിനില്‍ നാല് പേരെ ഗാര്‍ഡ കസ്റ്റഡിയിലെടുത്തു. ഗാര്‍ഡ സ്പെഷ്യല്‍ ഡിറ്റക്ടീവ് ഫോഴ്സിന്റെ നേതൃത്വത്തില്‍ ഡബ്ലിന്‍ മേഖലയില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇവരോടുള്ള ചോദ്യം ചെയ്യല്‍ തുടരുന്നു. തീവ്രവാദ ഫിനാന്‍സിങ് ഇന്റലിജന്‍സ് യൂണിറ്റ് (TFIU), ഗാര്‍ഡ നാഷണല്‍ എക്കണോമിക് ക്രൈം ബ്യൂറോ എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അയര്‍ലണ്ടില്‍ ഐഎസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ജിഹാദികള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കുറച്ചു നാളുകളായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐഎസ് അനുഭാവികളായ കൂടുതല്‍ പേര്‍ അയര്‍ലണ്ടില്‍ ഉള്ളതായി അധികൃതര്‍ കരുതുന്നു.

ആറ് സ്ഥലങ്ങളില്‍ നടന്ന തിരച്ചിലിലാണ് അന്വേഷണ സംഘത്തിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ഇവരുടെ പക്കല്‍ നിന്ന് വ്യാജ രേഖകളും, ഇലക്ട്രോണിക് ഉപകരണങ്ങളും 4,500 യൂറോ പണവും പിടിച്ചെടുത്തു. ഭീകരവാദത്തിന് സഹായമൊരുക്കിയതിന്റെ പേരില്‍ 2005 ലെ ഭീകരവാദ വിരുദ്ധനിയമ പ്രകാരവും, 1984 ലെ ക്രിമിനല്‍ നിയമപ്രകാരവുമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരുന്നത്. ജിഹാദി ചിന്തകളുമായി അയര്‍ലണ്ടില്‍ കയറിപ്പറ്റിയ പലരും കുടുംബമായി ഇവിടെ താമസിച്ച് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് സാമ്പത്തിക സഹായവും, വ്യാജരേഖകള്‍ ഉണ്ടാക്കുകയും, റിക്രൂട്ട്‌മെന്റും നടത്തുന്നുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്നു. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് ഇവിടുത്തെ ബാങ്കുകളില്‍ നിന്ന് പണം പോകുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

അയര്‍ലണ്ടിലേക്ക് പല രാജ്യങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നവര്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അയര്‍ലണ്ടില്‍ ശക്തമാകുന്ന മയക്കുമരുന്ന് കച്ചവടങ്ങളും തീവ്രവാദത്തിനു സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയാകുന്നുണ്ടെന്നാണ് പോലീസ് ഭാഷ്യം. അയര്‍ലണ്ടില്‍ ഒരു ലക്ഷത്തില്‍ ഏഴ് പേര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതായി കരുതുന്നു. മൊത്തം ജനസംഖ്യ കണക്കിലെടുത്താല്‍ ഇത് വലിയൊരു സംഖ്യയാണെന്ന് ബോധ്യപ്പെടും. സ്‌പെയിനില്‍ ഇത് ഒരു ലക്ഷത്തില്‍ മൂന്ന് പേര്‍ മാത്രമാണ്. ജര്‍മനിയില്‍ ലക്ഷത്തില്‍ ഒന്‍പത് പേരും. ഫ്രാന്‍സില്‍ ഒരു ലക്ഷത്തില്‍ 26 പേരും, ബെല്‍ജിയത്തില്‍ 42, സ്വീഡനില്‍ 31 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഎസിലേക്ക് ചേരുന്നവരുടെ കണക്കുകള്‍.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതോളം ഐറിഷ് പൗരന്മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും യാത്രചെയ്തിട്ടുള്ളതായി ന്യൂയോര്‍ക്കിലെ സുരക്ഷാ സ്ഥാപനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ചുപേരോളം മരണപ്പെട്ടിരിക്കാനാണ് സാധ്യത. ബാക്കിയുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇതില്‍ ആരെങ്കിലും അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നിട്ടുണ്ടോ എന്നകാര്യത്തിലും സംശയം അവശേഷിക്കുന്നു. ഡബ്ലിന്‍ സ്വദേശിയായിരുന്ന ഖാലിദ് കെല്ലി 2016 ല്‍ ഇറഖില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 2017 ലെ ലണ്ടന്‍ ബ്രിഡ്ജ് അക്രമണകാരികളില്‍ ഒരാളായ റഷീദ് റീഡൗണി അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സിറിയയില്‍ കഴിഞ്ഞ മാസം പിടിയിലായ ഐഎസ് ഭീകരന്‍ വര്‍ഷങ്ങളോളം അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായും സുരക്ഷാ സേന കണ്ടെത്തുകയുണ്ടായി.

2017ല്‍ ജിഹാദി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് അയര്‍ലണ്ടില്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. 206ല്‍ ഇത് ഒരാള്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്തിയും വാഹനങ്ങളും ഉപയോഗിച്ച് യൂറോപ്പില്‍ തീവ്രവാദ ആക്രമണങ്ങള്‍ പതിവായിട്ടുണ്ട്. ഐഎസ് അനുഭാവികളുടെ എണ്ണം നേരിയ തോതില്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മിഷണര്‍ മൈക്കല്‍ ഒ’സുള്ളിവന്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ഇന്റലിജന്‍സ് വിഭാഗം സുരക്ഷ ശക്തമാക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: