അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതേ…

ഡബ്ലിന്‍: കഴിഞ്ഞ ദിവസം M50 ല്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ നടപടി എടുക്കാന്‍ ഒരുങ്ങുന്നു. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന ക്രൂരവിനോദത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് കാറുകളും ഒരു ട്രക്കും തമ്മില്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡബ്ലിന്‍ സ്വദേശിനിയായ ജാക്കി ഗ്രിഫിന്‍ എന്ന യുവതി മരണമടഞ്ഞു. സംഭവസ്ഥലത്ത് വാഹനം നിര്‍ത്തിയ മറ്റ് യാത്രക്കാരാണ് മൊബൈലില്‍ വീഡിയോയും ചിത്രങ്ങളും എടുത്തത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിച്ചു. എന്നാല്‍ അപകട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

വീഡിയോ ദൃശ്യങ്ങള്‍ എടുത്തവര്‍ക്കായി ഗാര്‍ഡ CCTV പരിശോധന നടത്തി വരികയാണ്. വ്യാഴാഴ്ച രാവിലെ 11.0 ന് എം50 യിലെ അപകടം ഉണ്ടായത്. സംഭവ സമയത്ത് ഗാര്‍ഡ പരിശോധനകള്‍ നടത്തുമ്പോള്‍ വാഹനത്തിലിരുന്ന് മൊബൈലിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരും തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഇറങ്ങി വന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. എമര്‍ജന്‍സി സന്ദര്‍ഭങ്ങളില്‍ മാത്രമേ എം50 പോലുള്ള റോഡുകളില്‍ വാഹനം നിര്‍ത്താന്‍ അനുവാദമുള്ളൂ.

റോഡ് അപകടങ്ങളിലും മറ്റും അകപ്പെട്ട ഇരകളുടെ ചിന്നിച്ചിതറിയ ശരീരങ്ങളും അക്രമങ്ങളുടെയുള്‍പ്പെടെയുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്ന പ്രവണത സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നത് പതിവായിരിക്കുകയാണ്. വാട്‌സാപ്പിലൂടെയും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ ചിത്രങ്ങള്‍ അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളിലേക്ക് വരെ എത്തിയിരുന്നു. പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊരു നേട്ടവുമില്ലാത്ത അത്യന്തം ഹീനവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: