വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി

ലണ്ടന്‍ : ബാങ്കുകളുടെ ഒമ്പതിനായിരം കോടി തട്ടിച്ചു മുങ്ങി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്യയുടെ ബ്രിട്ടീഷ് വാസം അവസാനിക്കുന്നു. മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരേ രണ്ടാഴ്ചയ്ക്കുള്ളില്‍ മല്യയ്ക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

വായ്പത്തട്ടിപ്പുകേസ് പ്രതിയായ മല്യയ്ക്ക് ഇന്ത്യയിലെ കേസുകളെ അഭിമുഖീകരിക്കേണ്ട ബാധ്യതയുണ്ടെന്നും മടക്കി അയയ്ക്കണമെന്നും ഡിസംബര്‍ 10 ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പരിശോധിച്ചു തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് ഫയല്‍ സര്‍ക്കാരിനു കൈമാറുകയും ചെയ്തു. രണ്ടു മാസക്കാലാവധിയാണു പാകിസ്താന്‍ വംശജനായ മുതിര്‍ന്ന മന്ത്രി സാജിദ് ജാവിദിനു മുന്നിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച് മല്യയുടെ നാടുകടത്തലിനു പച്ചക്കൊടികാട്ടി കഴിഞ്ഞ മൂന്നിന് ഹോം സെക്രട്ടറി ഫയലില്‍ ഒപ്പുവയ്ക്കുകയായിരുന്നു.

2016 ഏപ്രിലില്‍ ആണ് സ്‌കോട്ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം മല്യയെ യു.കെയില്‍ അറസ്റ്റു ചെയ്തത്.വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: