ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിനു പുതിയ ഭാരവാഹികള്‍

ഡബ്ലിന്‍: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനറ്റ് റിയാല്‍ട്ടോ സെന്റ് തോമസ് പാസ്റ്റര്‍ സെന്ററില്‍ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്ത് മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച മീറ്റിങ്ങിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിര്‍വ്വഹിച്ചു.

യുവജനങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും കാലഘട്ടത്തിന്റെ ധാര്‍മ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിലേക്ക് നോക്കണം, അപരിനിലേയ്ക്ക് നോക്കണം അതുപോലെ അവനവനിലേക്ക് നോക്കണം, അങ്ങനെ ആത്മവിശ്വാസമുള്ള നല്ല തലമുറയായി മാറണം ബിഷപ്പ് ആഹ്വാനം ചെയ്തു. വിശ്വാസമാകുന്ന നല്ല അടിത്തറയില്‍ പണിയപ്പെട്ടാല്‍ എല്ലാ ജീവിത പ്രതിസന്ധികളേയും അഭിമുഖീകരിക്കാന്‍ സാധിക്കും, സൗഖ്യദായകനായ പരിശുദ്ധാത്മാവിനെ ജീവിതത്തില്‍നിന്ന് വിട്ടുപോകാന്‍ അനുവദിക്കരുത്. ഈ ജീവിതം തിരഞ്ഞെടുത്തതില്‍ നമ്മുക്ക് പങ്കില്ല, പക്ഷെ എങ്ങനെ ജീവിക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാം പിതാവ് യുവജനങ്ങളോട് പറഞ്ഞു

യോഗത്തില്‍ SMYM ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ. കെവിന്‍ ജോസിനേയും (സോര്‍ഡ് സ്) ജനറല്‍ സെക്രട്ടറി ആയി ശ്രീ. ജെമിന്‍ ജോസഫിനേയും (ലൂക്കന്‍), ട്രഷററായി ജെഫ് കൊട്ടാരത്തേയും (താല) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് സിബില്‍ റോസ് സാബു (ഫിബിസ്‌ബോറോ), സെക്രട്ടറി മീനു ജോര്‍ജ്ജ് (സോര്‍ഡ് സ്) ഡപ്യൂട്ടി പ്രസിഡന്റ് അനുപ തോംസണ്‍ (ബ്രേ). ജോയിന്‍ സെക്രട്ടറി ദിവ്യ സണ്ണി (ബ്രേ), ഓര്‍ഗനൈസര്‍ ഐറിന്‍ സെബാസ്റ്റ്യന്‍ (ബ്ലാഞ്ചര്‍സ് ടൗണ്‍), കൗണ്‍സിലേഴ്‌സ് ജെസ് ലിന്‍ ജോയ് (ബ്ലാക് റോക്ക്), ക്രിസ്റ്റി പയസ് (ഇഞ്ചിക്കോര്‍), ജെഫ്രിന്‍ ജോണ്‍ (ലൂക്കന്‍),

ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിളെ SMYM എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും, ആനിമേറ്റേഴ്‌സും ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ ക്ലമന്റ് പാടത്തിപറമ്പിലും, ഫാ. റോയ് വട്ടക്കാട്ടും യോഗത്തില്‍ പങ്കെടുത്തു. SMYM ഡയറക്ടര്‍ ഫാ. രാജേഷ് മേച്ചിറാകത്ത്, ആനിമേറ്റേഴ്‌സായ ജയന്‍ മുകളേല്‍, ശ്രീമതി ലിജി ലിജോ, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share this news

Leave a Reply

%d bloggers like this: