ഭവന പ്രതിസന്ധി ഈ വര്‍ഷവും തുടരുമെന്നുറപ്പായി; സോഷ്യല്‍ ഹൗസിങ് നിര്‍മ്മാണത്തില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ ഗവണ്മെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനമേഖലയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. 4,251 വീടുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കാന്‍ കഴിഞ്ഞത്. പ്രതീക്ഷിച്ച ലക്ഷ്യത്തെക്കാള്‍ 4 ശതമാനം കുറവാണ് ഭവന നിര്‍മ്മാണത്തില്‍ രേഖപ്പെടുത്തിയത്. 4,409 പുതിയ ഹൗസിങ് യൂണിറ്റുകള്‍ എന്നതായിരുന്നു 2018 ലെ ലക്ഷ്യം. ഭവന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇതില്‍ 2,022 വീടുകള്‍ ലോക്കല്‍ അതോറിറ്റികളുടെ നേതൃത്വത്തിലും 1,388 യൂണിറ്റുകള്‍ അപ്പ്രൂവ്ഡ് ഹൗസിങ് ബോഡിയുമാണ് (AHB) നിര്‍മ്മിച്ചത്. ഭവന നിര്‍മ്മാണത്തിലെ ഇഴച്ചില്‍ ഗവണ്‍മെന്റിന് ഇപ്പോഴും തലവേദനയായി തുടരുകയാണ്. പുതിയ വീടുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലെ പ്രതിസന്ധികള്‍ മറിക്കടക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് സര്‍ക്കാരിപ്പോള്‍.

അതേസമയം സര്‍ക്കാരിന്റെ ഹൗസിങ് യുണിറ്റ് നിര്‍മ്മാണം മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചമുണ്ടാക്കി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ല്‍ കേവലം 2,297 ഭവനങ്ങള്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. മൊത്തം 8,422 ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പുതുതായി നിര്‍മിക്കപെട്ടവയും ഒഴിഞ്ഞുകിടന്ന ഭവനങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തിഎത്തും, ലീസിന് ഏറ്റെടുത്തവയും ഉള്‍പ്പെടും. അയര്‍ലന്‍ഡ് നേരിടുന്ന ഏറ്റവും പ്രാധാന പ്രതിസന്ധിയായി ഭവനമേഖല ഇപ്പോഴും തുടരുമ്പോള്‍ 2018 ലെ ഭവനനിര്‍മ്മാണ കണക്കുകളില്‍ സന്തോഷിക്കാന്‍ വകയിലെന്ന് സിന്‍ ഫെയിന്‍ ഭവന വക്താവ് Eoin Ó Broin സൂചിപ്പിച്ചു.

2016 ലെ പാര്‍ലമെന്റിലെ ഹൗസിങ് ആന്‍ഡ് ഹോംലെസ്സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യത്തെക്കാള്‍ 20 ശതമാനം താഴെയാണ് നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടന്നിട്ടുള്ളത്. 2018ല്‍ വെറും 6,861 വീടുകളാണ് ലോക്കല്‍ അതോറിറ്റികള്‍ ഏറ്റെടുക്കുകയും ഭവന വകുപ്പ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുള്ളത്. കൗണ്‍സില്‍ ഹൗസിങ് ലിസ്റ്റ് പ്രകാരം 2018ല്‍ പേര് ചേര്‍ത്ത കുടുംബങ്ങളുടെ എണ്ണം 14,000 ആണ്. 2019 ല്‍ ആവശ്യമുള്ള ഹൗസിങ് യൂണിറ്റുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ച റീബില്‍ഡിംഗ് അയര്‍ലണ്ട് എന്ന നയരേഖ പ്രകാരം വലിയ പ്രതിബദ്ധതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അത് പ്രകാരം സാമൂഹ്യ ഭവന മേഖലയില്‍ വലിയ ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളതും. 2021നകം 41000 പുതിയ വീടുകള്‍ നിര്‍മ്മിക്കുകയോ കരാറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. സോഷ്യല്‍ ഹൗസിംഗ് ലിസ്റ്റിലുള്ള 59000 ആള്‍ക്കാര്‍ ഇപ്പോള്‍ താമസിക്കുന്ന വീടുകളുടെ വാടകയും നല്‍കാമെന്നും സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം വന്‍ തുക വേണ്ടി വരും.

ഭവനവിലയിലെ ഉയര്‍ച്ച മാറ്റമില്ലാതെ തുടരുന്നത് അയര്‍ലണ്ടില്‍ ഭവനം ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് വിലങ്ങുതടിയായി തീരുകയാണ്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഭവനവില ദേശീയ ശരാശരി 9.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2019 ല്‍ ഇനിയും 5 ശതമാനം വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. ഡിമാന്‍ഡിനനുസരിച്ച് സ്വാഭാവികമായ നിര്‍മ്മാണം മാത്രം നടക്കുകയും മാര്‍ക്കറ്റില്‍ ആവശ്യമായ എണ്ത്തില്‍ കുറവുണ്ടാകുന്നതുമാണ് ഭവന വില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2018 ലെ അവസാന പകുതിയില്‍ ഡബ്ലിനില്‍ നിര്‍മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ എസ്റ്റേറ്റ് ഭവനങ്ങളുടെ നിര്‍മ്മണത്തിലാണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് പ്രാദേശിക ഇടങ്ങളിലേക്കും ഈ വര്‍ഷം നിര്‍മ്മാണങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: