അയര്‍ലണ്ടിലെ ഭവന രഹിതരുടെ എണ്ണം പതിനായിരത്തിലേക്ക്; ഭവന പ്രതിസന്ധി പരിഹരിക്കാനാകാതെ ഗവണ്മെന്റ്; വ്യാപക വിമര്‍ശനം

ഡബ്ലിന്‍: രാജ്യത്ത് ഭവനരഹിതര്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐറിഷ് ഭവനവകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുപ്രകാരം ജനുവരിയില്‍ 6,363 മുതിര്‍ന്നവരും 3,624 കുട്ടികള്‍ ഉള്‍പ്പെടെ 9,987 പേര്‍ ഹോട്ടലുകളിലും ഫാമിലി ഹബ്ബുകളുമായി കഴിച്ചുകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടില്ലാത്തവരുടെ എണ്ണം കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായിരുന്ന 9,753 ല്‍ നിന്ന് 9,987 ആയി വര്‍ധിച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ഡിസംബറില്‍ അടിയന്തിര താമസ സൗകര്യങ്ങളിലുള്ളവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ നേരിയ കുറവ് ജനുവരിയില്‍ ഇരട്ടിയായി വര്‍ധിക്കുന്നത് നിരാശപ്പെടുത്തുന്നുവെന്ന് ഭവനമന്ത്രി ഇയാന്‍ മോര്‍ഫി വ്യക്തമാക്കി.

അക്ഷരാര്‍ത്ഥത്തില്‍ ഐറിഷ് സര്‍ക്കാര്‍ ഭവന പ്രതിസന്ധിയില്‍ നോക്കുകുത്തിയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇയാന്‍ മോര്‍ഫി പരാജയമാണെന്ന് പ്രതിപക്ഷ കക്ഷികളായ സിന്‍ ഫെയിനും ലേബര്‍ പാര്‍ട്ടിയും ആരോപിക്കുന്നു. സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളും മറ്റു ഭവന പദ്ധതികളും പ്രഖ്യാപിക്കപ്പെടുമ്പോഴും ഫലത്തില്‍ താഴെത്തട്ടിലേക്കു ഇതൊന്നും തന്നെ ഇറങ്ങിച്ചെല്ലുന്നില്ലെന്ന ആരോപണം ശക്തമാണ്. അര്‍ഹിക്കുന്നവര്‍ ഇപ്പോഴും പെരുവഴിയിലാണെന്നും, ഇവരുടെ എണ്ണം കൂടിവരികയാണെന്നുമാണ് ഇവരുടെ വാദം.

2018-ല്‍ നിരവധി ആക്ഷന്‍ പ്ലാനുകള്‍ ഭവനരഹിതര്‍ക്കായി ഒരുക്കിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്നു ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശരിവയ്ക്കുന്നു. കണക്കുകള്‍ 10,000 ത്തിലേക്ക് അടുക്കാന്‍ അധികം താമസം വരില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ഭവന മന്ത്രി ഇയാന്‍ മോര്‍ഫി ആര്‍ടിഇ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ഡബ്ലിന്‍ മേഖലയിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍സോഷ്യല്‍ ഹൗസിംഗ് ഭവന യൂണീറ്റുകളാണ് ഇവിടെ ആവശ്യമായുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ സോഷ്യല്‍ ഹൗസിംഗ് വീടുകള്‍ നിര്‍മ്മിച്ചിരുന്നില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം സമ്മതിക്കുന്നു.

ഫോക്കസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം തലസ്ഥാന നഗരിയായ ഡബ്ലിനില്‍ കഴിഞ്ഞ മാസം ഓരോ ദിവസവും നാല് കുടുംബങ്ങള്‍ വീതം ഭവനരഹിതരായതായാണ് കണക്കുകള്‍. അതായത് മൊത്തത്തില്‍ 234 കുട്ടികളുള്‍പ്പെടെ 122 കുടുംബങ്ങള്‍ കഴിഞ്ഞ മാസം പുതുതായി ഭവനരഹിതരായി. അയര്‍ലന്‍ഡ് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധിയാണ് ഭവനരഹിതരെന്ന് ചാരിറ്റി ഗ്രുപ്പായ മെര്‍ച്ചന്റ്‌സ് ക്വായ് അയര്‍ലണ്ട് വ്യക്തമമാക്കി. അടിയന്തിര നടപടികള്‍ ഭവന രഹിതര്‍ക്കായി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അഭിപ്രായമാണ് എല്ലാ കോണില്‍ നിന്നുമുയരുന്നത്.

Share this news

Leave a Reply

%d bloggers like this: