നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി പാളുന്നു; നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അനേക മടങ്ങ് തുക ഇനിയും ചെലവാക്കേണ്ടി വരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിക്ക് നേരത്തെ നിശ്ചയിച്ചതിലും അനേക മടങ്ങ് തുക ചെലവാക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഡെയ്ലില്‍ അറിയിച്ചു. പൊതുഖജനാവില്‍ നിന്നുള്ള തുക മതിയാകില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമോ എന്നുള്ള കാര്യത്തില്‍ ഇസ്റ്ററിന് മുന്‍പ് തീരുമാനം എടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ടെന്‍ഡറിങ് ജോലികള്‍ അകാരണമായി നീളുന്നതില്‍ സംശയം പ്രകടിപ്പിച്ചുള്ള ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ എന്നുള്ളതില്‍ എല്ലാവര്‍ക്കും സംശയം ഉയര്‍ന്നിട്ടുണ്ടെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി വൈകുന്നതില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2020 തോടു കൂടി രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതില്‍ പഴി കേള്‍ക്കുകയാണ് വരേദ്കര്‍ ഗവണ്മെന്റ്. പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി വരേദ്കര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കാലതാമസം വരുത്തുന്നതില്‍ അയര്‍ലന്റിനെതിരെ യൂറോപ്യന്‍ യൂണിയനും തുടര്‍ നടപടികള്‍ ആലോചിച്ചു വരികയാണ്.

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത 500,000 ഭവനങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളും രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. ഈ പ്രദേശങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കി തുടങ്ങും എന്നായിരുന്നു ഗവണ്മെന്റിന്റെ വാഗ്ദാനം. എന്നാല്‍ പദ്ധതിയനുസരിച്ചുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിതരണം ഈ വര്‍ഷം തുടങ്ങില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പദ്ധതി സംബന്ധിച്ച് കമ്പനികളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ചകള്‍ നീട്ടി വച്ചിരിക്കുകയാണ്. സെക്കന്‍ഡില്‍ 30 മെഗാബൈറ്റ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയാണ് ഇത്. വരും വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് 30 മെഗാബൈറ്റ് വേഗത ഇതിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് ഏകദേശം മൂന്നിലൊന്ന് സ്ഥലങ്ങളിലും 30 എം.ബി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല.

ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ 2022ലോ അതിനു ശേഷമോ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. പദ്ധതി തുടങ്ങി പത്തുവര്‍ഷം കഴിഞ്ഞാല്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയം നിലനില്‍ക്കുകയാണ്. ഇതുകൂടാതെ 500 മില്യണ്‍ യൂറോ ചിലവഴിച്ച് നടപ്പാക്കാന്‍ കഴിയുമെന്ന് വിചാരിച്ച ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ഏകദേശം 3 ബില്യണ്‍ വരെ ആകാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പദ്ധതിയുടെ വ്യാപ്തിയും സങ്കീര്‍ണതകളും മനസ്സിലാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കമ്പനികള്‍ പരാജയമാകുകയാണ്. പല പ്രാവശ്യം പദ്ധതി തുടങ്ങുന്നതില്‍ നിന്ന് കമ്പനികള്‍ പിന്മാറുന്നതിനാല്‍ പദ്ധതിക്ക് കാലതാമസം നേരിടുകയാണ്. ബ്രോഡ്ബാന്റ് പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ തുകക്ക് ഇന്റര്‍നെറ്റ് കമ്പനികള്‍ കണക്ഷന്‍ നല്‍കാന്‍ വിസമ്മതിക്കുന്നതിനാലാണ് ബ്രോഡ്ബാന്റ് പദ്ധതി ലക്ഷ്യം കാണാതാണെന്നും പറയപ്പെടുന്നു. വാര്‍ത്താവിനിമയ വകുപ്പിന്റെ നിരുത്തരവാദിത്വപരമായ ഇടപെടല്‍ മൂലമാണ് പദ്ധതിക്ക് കാലതാമസം വരുത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി വൈകുമെന്നതിനാല്‍ വേഗതയേറിയ ബ്രോഡ്ബാന്‍ഡ് കണക്ഷനായി ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും. പതിനായിരക്കണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് സ്റ്റേറ്റ് സബ്സിഡിയോടു കൂടിയ നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിക്കായി ഏറെനാളായി കാത്തിരിക്കുന്നത്. യൂറോപ്യന്‍ ഡിജിറ്റല്‍ അജണ്ടയുടെ കീഴിലുള്ള ബ്രോഡ്ബാന്‍ഡ് പദ്ധതിക്ക് കാലതാമസം വരുത്തുന്നതിന് പ്രത്യേക ഉപരോധങ്ങളോ പിഴയോ ഇത് വരെ ഏര്‍പ്പെടുത്തിയിട്ടില്ല.

എ എം

Share this news

Leave a Reply

%d bloggers like this: