അയര്‍ലണ്ട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ശ്രീ ബേബി പെരേപ്പാടന്റെ വിജയത്തിനായി മാര്‍ച്ച് നാലിന് പൊതുയോഗം

ഈ വരുന്ന മേയില്‍ നടക്കാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന മലയാളിയായ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശ്രീ ബേബി പെരേപ്പാടന്റെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ മാര്‍ച്ച് നാലാം തീയതി വൈകിട്ട് 6 .30 നു ടാലയിലെ പ്ലാസ ഹോട്ടലില്‍ വച്ച് മലയാളികളുടെ കൂട്ടായ്മ യോഗം ചേരുന്നു.

പതിറ്റാണ്ടു മാത്രം പ്രായം അവകാശപ്പെടാനുള്ള മലയാളി പ്രവാസത്തില്‍ നിന്നും ഭരണകക്ഷി പാര്‍ട്ടി വിജയ പ്രതീക്ഷ ഏറെയുള്ള സീറ്റു തന്നെയാണ് പാര്‍ട്ടിയുടെ ടാല റെപ് കൂടിയായ ശ്രീ ബേബി പെരേപ്പാടന് ഇക്കുറി നല്‍കിയിരിക്കുന്നത്, മുന്‍ തിരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ പരിചയവും ഇദ്ദേഹത്തിനുണ്ട്.

രാഷ്ട്രീയം നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി കരുതുന്ന നാം , ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന ഒരു രാഷ്ട്രീയ സംസ്‌കാരമാണ് പിന്തുടരുന്നത് എന്നത് 60 തികഞ്ഞ കേരള ചരിത്രത്തില്‍ ഉടനീളം കാണാവുന്നതാണ്. അയര്‍ലണ്ടില്‍ നമ്മുടെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്കുള്ളില്‍ തന്നെ ഭൂരിഭാഗവും ഒതുങ്ങുമ്പോള്‍, ഇവിടുത്തെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച് ഈ നാടിന്റെ ഭരണരംഗങ്ങളില്‍ ഇടപെടാന്‍ മലയാളിക്ക് ആത്മവിശ്വാസം പകരുന്നതാണ് ശ്രീ ബേബി പെരേപ്പാടന്റെ സ്ഥാനാര്‍ത്ഥിത്വം .

തിങ്കളാഴ്ച ചേരുന്ന യോഗത്തിന് വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹം ഒന്നടങ്കം പിന്തുണ അറിയിച്ചിട്ടുണ്ട് എന്നത് തന്നെ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മലയാളിയുടെ നിലപാട് വ്യക്തമാക്കുന്നതാണ്. വരും കാല ഐറിഷ് രാഷ്ട്രീയത്തില്‍ മലയാളികളുടെ സാന്നിധ്യം ഏതു രീതിയില്‍ ഉറപ്പാക്കാം എന്ന് യോഗം ചര്‍ച്ച ചെയ്യും.

എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാനുള്ള പരിമിതികള്‍ മനസ്സിലാക്കി എല്ലാ ജനാധിപത്യ വിശ്വാസികളും ഈ യോഗത്തില്‍ എത്തിച്ചേര്‍ന്ന് അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് ഇതോടൊപ്പം അറിയിക്കുന്നു .

Share this news

Leave a Reply

%d bloggers like this: