അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍ ലഡാക്ക് പോലുള്ള ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്താണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്.
അമേരിക്കന്‍ കമ്പനി ബോയിങ്ങാണ് ഇന്ത്യയ്ക്കു വേണ്ടി ഹെലിക്കോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളില്‍ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്. ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ കരാറാണ് ബോയിങ്ങുമായി ഇന്ത്യയ്ക്കുള്ളത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള സി.എച്ച്.-47 എഫ് -1 വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇവ.

മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത ചിനൂക്കിന് കൈവരിക്കാന്‍ കഴിയും. 6100 മീറ്റര്‍ ഉയരത്തില്‍ 741 കിലോമീറ്റര്‍ വരെ പറക്കാനാവും. ഇതിനു പുറമേ പത്തുടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും ചിനൂക്കിനുണ്ട്.

വ്യോമസേനയുടെ നാലുവീതം പൈലറ്റുമാര്‍ക്കും ഫ്‌ലൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ചിനൂക് പറത്താനുള്ള പരിശീലനം ഒക്ടോബറില്‍ യു.എസില്‍ നല്‍കിയിരുന്നു. 2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുന്നത്. ഇതില്‍ അപ്പാച്ചെ സെപ്റ്റംബറില്‍ കിട്ടും. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലാണ് ഇവയെത്തുക.

Share this news

Leave a Reply

%d bloggers like this: