നോ ബ്രെക്‌സിറ്റ് ഡീല്‍ അയര്‍ലണ്ടിലെ വളര്‍ച്ചാ നിരക്ക് കുറച്ചേക്കുമെന്ന് ഇ.എസ്.ആര്‍.ഐ മുന്നറിയിപ്പ്

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ കുറച്ചേക്കുമെന്ന് ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്. പ്രത്യക്ഷത്തില്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നോ ബ്രെക്‌സിറ്റ് ഡീല്‍ പ്രഹരം ഏല്‍പ്പിക്കില്ലെന്ന് കണക്കാക്കുന്നുവെങ്കിലും തൊട്ടടുത്ത യൂണിയന്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ 5 ശതമാനം വരെ കുറയാന്‍ ഇടയുണ്ടെന്ന് ഇ.എസ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക വളര്‍ച്ച കുറഞ്ഞാല്‍ നിലവില്‍ അയര്‍ലണ്ടുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍ എല്ലാം നിര്‍ത്തലാക്കപ്പെടും. ഗവണ്മെന്റ് ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നതിന് പകരം കുറച്ചുകൊണ്ട് വരുന്ന നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കേണ്ടി വരും. യു.കെയുമായി വ്യാപാര ഇടപാടുകള്‍ കൂടുതല്‍ ഉള്ള അയര്‍ലന്‍ഡ് യൂണിയന്‍ അംഗം എന്ന നിലക്ക് ഇടപാടുകളില്‍ മാറ്റം വരുത്തേണ്ടി വരും. ഇങ്ങനെ ഒരു മാറ്റം സാമ്പത്തിക വളര്‍ച്ച നിരക്ക് കുറച്ചേക്കുമെന്ന മുന്നറിയിപ്പാണ് ഇ.എസ്.ആര്‍.ഐ നല്‍കുന്നത്.

പ്രധാനമായും ഓട്ടോമൊബൈല്‍, ഫാര്‍മസി തുടങ്ങിയ ഉത്പന്നങ്ങള്‍ അയര്‍ലണ്ടിലേക്ക് ഇറക്കുമതി ചെയുന്നത് യു.കെയില്‍ നിന്നാണ്. കരാറുകളില്‍ മാറ്റം വരുന്നതോടെ ഇറക്കുമതി ചെലവ് കൂടും. ഇത്തരത്തില്‍ വ്യാപാര കരാറുകളില്‍ മാറ്റം ഒന്നുകൊണ്ടു മാത്രം പ്രതിവര്‍ഷം അയര്‍ലണ്ടിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഇത് ദേശീയ വരുമാനത്തെ സാരമായി ബാധിക്കുന്നതോടെ വളര്‍ച്ചാ നിരക്കിലും കുറവ് വരും.

സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സമസ്ത മേഖലകളിലും വിലവര്‍ധവ് ഉണ്ടാക്കും. ബ്രെക്‌സിറ്റ് ഉണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങള്‍ ഓഹരി വിപണിയെ തളര്‍ത്താനും മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തുന്ന സാഹചര്യവും ഉണ്ടാക്കിയേക്കും. യു.കെയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് ഐറിഷ് സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തിയില്ലെങ്കില്‍ 2008 -ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യം വീണ്ടും ഉടലെടുത്തേക്കാമെന്ന മുന്നറിയിപ്പാണ് ഇ.എസ്.ആര്‍.ഐ നല്‍കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: