ഡോ: പി.കെ ബിജു എം.പി യുടെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഗവേഷകനും അയര്‍ലന്‍ഡ് മലയാളിയുമായ ഡോ: സുരേഷ് സി. പിള്ളയുടെ ഫേസ്ബുക് പോസ്റ്റ് വൈറല്‍ ആകുന്നു.

ഡബ്ലിന്‍: ആലത്തൂര്‍ ലോക്‌സഭാമണ്ഡലം സിറ്റിംഗ് എം.പിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോക്ടര്‍ പി.കെ ബിജുവിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ ശക്തമായ മറുപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഡോ: ബിജുവുമായി രാഷ്ട്രീയ ബന്ധത്തേക്കാള്‍ അക്കാദമിക ബന്ധമുള്ളവരാണ് കൂടുതലും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ”പി.കെ ബിജു നേടിയ ഡോക്ടറേറ്റ് കോപ്പിയടിച്ചു നേടിയതാണോ” എന്ന വടക്കാഞ്ചേരി എം.എല്‍.എ യും കോണ്‍ഗ്രസ്സ് നേതാവുമായ അനില്‍ അക്കരയുടെ അധിക്ഷേപമാണ് വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

പ്രതികൂല ജീവിത സാഹചര്യങ്ങളെ നേരിട്ട് അക്കാദമിക് റെക്കോഡുകള്‍ സ്വന്തമാക്കിയ ഡോ.ബിജുവിനെതിരെയുള്ള പരാമര്‍ശം കേരളത്തിനകത്തും പുറത്തും പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. ഡോ.ബിജുവിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഏകദേശം അഞ്ചോളം അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ബിജുവുമായി ബന്ധമുള്ള അക്കാദമിക് സുഹൃത്തുക്കള്‍ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു.

ഡോ.ബിജുവിനെതിരെയുള്ള ഈ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് ഗവേഷകനും അയര്‍ലന്‍ഡ് മലയാളിയുമായ ഡോ: സുരേഷ് സി.പിള്ള പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡോ.പി.കെ ബിജുവിനോടൊപ്പം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ ബിരുദാനന്തര-ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ കാലത്തെ ഓര്‍ത്തെടുക്കുകയാണ് ഡോ.സുരേഷ് സി.പിള്ള. ബിജു അവിടെ തന്റെ ജൂനിയര്‍ ആയിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ അക്കാദമിക യോഗ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തനിക്ക് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ.സുരേഷ് സി.പിള്ള പറയുന്നു.

ലോക നിലവാരത്തിലുള്ള മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ അഡ്മിഷന്‍ കിട്ടുന്നത് തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചിരിച്ച മുഖത്തോടുകൂടിയ ബിജുവിനെയാണ് താന്‍ ക്യാമ്പസ്സില്‍ കണ്ടിട്ടുള്ളതെന്ന് ഡോ.സുരേഷ് സി.പിള്ള ഓര്‍ക്കുന്നു. അവിടെ നിന്നും പുറത്ത് വന്നിട്ടുള്ള പല ഗവേഷണ പ്രബന്ധങ്ങള്‍ക്കും അന്താരാഷ്ട്രതലത്തില്‍ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തിട്ടുള്ളത്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി.കെ ബിജുവിന്റേതായി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകന്‍ കൂടിയായ സുരേഷ് സി.പിള്ള മറുപടി നല്‍കുന്നു. ബിജുവിന്റെ അക്കാദമിക മികവിനെക്കുറിച്ച് പ്രകടിപ്പിച്ച സംശയത്തിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ലെന്നും ഡോ: സുരേഷ് സി.പിള്ള പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

അമേരിക്കയിലെ കാര്‍ണജ് മെലണ്‍ സര്‍വകലാശാലയില്‍ കോണ്‍ഫറന്‍സ് തിരക്കിനിടെയാണ് ഡോ.സുരേഷ് സി.പിള്ള ഈ ഫേസ്ബുക് പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: