ബ്രെക്‌സിറ്റ് ഇനിയെന്ത്? ബ്രിട്ടനില്‍ ആഗോള മാന്ദ്യത്തിന് സമാന സാഹചര്യം ഉടലെടുത്തേക്കുമെന്ന് ആശങ്ക. ഐറിഷ് സാമ്പത്തിക വളര്‍ച്ചയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ്.

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപ്പില്‍ വരുത്താന്‍ അവതരിപ്പിക്കപ്പെട്ട ബദല്‍ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് തള്ളിയതോടെ യു.കെയില്‍ നോ ബ്രെക്‌സിറ്റ് ഡീല്‍ തുടരാന്‍ സാധ്യത. ബ്രെക്‌സിറ്റ് നടപടികള്‍ എങ്ങും എത്താത്തതിനാല്‍ യു.കെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. പാര്‍ലമെന്റില്‍ മൂന്നാം ബ്രെക്‌സിറ്റ് പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടുതല്‍ നേടാന്‍ നടത്തിയ ഹിത പരിശോധന നടപ്പാക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു പ്രധാനമന്ത്രി തെരേസ മേ. എന്നാല്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ട നാല് നിര്‍ദ്ദേശങ്ങളും പരാജയപ്പെട്ടതിനാല്‍ പ്രധാനമന്ത്രി ഇന്ന് നിര്‍ണ്ണായക മന്ത്രിസഭായോഗം വിളിച്ച് ചേര്‍ക്കും. തെരേസയുടെ രാജി അല്ലെങ്കില്‍ മറ്റൊരു തെരെഞ്ഞെടുപ്പ് ഈ രണ്ടു വഴികള്‍ മാത്രമേ തെരേസയുടെ മുന്നില്‍ ഇനി അവശേഷിക്കുന്നുള്ളൂ.

ബ്രെക്‌സിറ്റ് പരാജയപ്പെട്ടതോടെ നോ ഡീല്‍ ബ്രെക്‌സിറ്റ് തുടരും. ഇങ്ങനെ വന്നാല്‍ യു.കെ 10 ബില്യണ്‍ യൂറോ യൂണിയനില്‍ പിഴ അടക്കേണ്ടി വരും. ബ്രെക്‌സിറ്റ് തുടങ്ങിവെച്ച സമയത്തുള്ള ബ്രിട്ടനും യൂണിയനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്. രാജ്യത്ത് അനിശ്ചിതത്വം തുടരുന്നതോടെ ഓഹരിവിപണിയും തകര്‍ച്ച നേരിടും എന്ന ഭീതിയിലാണ് ലണ്ടന്‍ നഗരം.

വില വര്‍ധനവും, സ്റ്റെര്‍ലിങ്ങിന്റെ മൂല്യ തകര്‍ച്ചയും 2008 -ല്‍ ആഗോളതലത്തില്‍ അനുഭവപ്പെട്ട മാന്ദ്യത്തിന് സമാനമായ സാഹചര്യം ആയിരിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ബ്രെക്‌സിറ്റ് തകര്‍ച്ച വടക്കന്‍ അയര്‍ലണ്ടിനെയും പ്രതികൂലമായി ബാധിക്കും. തെക്കന്‍ അയര്‍ലണ്ടും ബ്രെക്‌സിറ്റിന്റെ ദോഷവശങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് അയര്‍ലണ്ടിലെ സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം.

സാമ്പത്തിക തകര്‍ച്ച നേരിട്ടാല്‍ അയര്‍ലന്‍ഡ്-യു.കെ വ്യാപാര ബന്ധങ്ങള്‍ താറുമാറാകും. ഇത് അയര്‍ലണ്ടിന്റെ സാമ്പത്തിക അടിത്തറക്ക് ചില കേടുപാടുകള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിസന്ധികള്‍ക്കിടയില്‍ യു.കെയില്‍ നിന്നുള്ള ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: