നാലാമത് നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലണ്ട്)-: ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനം ഈ വര്‍ഷവും ഏപ്രില്‍ 15 ,16 ,17 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍) എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പ്രഭാതപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച വൈകിട്ട് പെസഹാ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം സമാപിക്കുന്നതായിരിക്കും .

തുടര്‍ച്ചയായി നാലാം വര്‍ഷവും നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തില്‍ തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ നി.വ.ദി. ശ്രീ. സക്കറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള വൈദീക സംഘം ധ്യാനം നയിക്കുന്നതായിരിക്കും. തിരക്കുപിടിച്ച യൂറോപ്യന്‍ ജീവിതത്തിനിടയില്‍ കഴിഞ്ഞകാലജീവിതത്തിലേക്കും, ക്രിസ്തുവിലേക്കും ക്രൈസ്തവ മൂല്യങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നതിനു ഈ ധ്യാനം സഹായിക്കും.

യൂറോപ്പ് മുഴുവനിലുമുള്ള വിശ്വാസികളെയും ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മൂന്നു ദിവസത്തേക്കുമുള്ള താമസവും ഭക്ഷണവും ഗാള്‍വേ പള്ളിയില്‍നിന്നും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രത്യേകധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ. ഫാ. ജോര്‍ജ് അഗസ്റ്റിന്‍ റവ. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരാണ് നയിക്കുന്നത്.

ധ്യാനത്തോടനുബന്ധിച്ചു സുവുശേഷ പ്രഘോഷണം, ഗാനശുശ്രൂഷ, വി. വേദപുസ്തക പഠനം, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്, വി. കുമ്പസാരം, വി. കുര്‍ബാന, രോഗികളുടെ വി.തൈലാഭിഷേകം എന്നിവ നടത്തപ്പെടുന്നു. കൂടാതെ കുട്ടികളുടെ പ്രത്യേകധ്യാനം കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രുപ്പുകളാക്കി തിരിച്ചു മുതിര്‍ന്നവരുടെ ധ്യാനത്തോടൊപ്പം നടത്തപ്പെടുന്നു.

ബുധനാഴ്ച വൈകിട്ട് നടക്കുന്ന പെസഹകുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് വൈദികസെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.

നാട്ടില്‍ അവധിക്കുപോകുമ്പോള്‍ പോലും തിരക്കുമൂലം ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ അവസരം ലഭിക്കാത്ത വിശ്വാസികള്‍ ജോലികള്‍ ക്രമീകരിച്ചു ധ്യാനത്തില്‍ പങ്കെടുക്കുന്നത് സൗകര്യപ്രദമായിരിക്കും എന്ന് വികാരി റവ. ഫാ. ബിജു പാറേക്കാട്ടില്‍, ശ്രീ.ബിജു തോമസ് (ട്രസ്റ്റി), ശ്രീ.ഗലില്‍ പി.ജെ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. ധ്യാനത്തിന്റെ ക്രമീകരണത്തിന് വികാരി. റവ. ഫാ. ബിജു പാറേക്കാട്ടില്‍ന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുവെന്ന് ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിക്കുവേണ്ടി സെക്രട്ടറി ശ്രീ. ഗലില്‍ പി.ജെ (mob 0892354294) അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: