ലോകസഭാ തെരഞ്ഞെടുപ്പ്: വ്യാജസന്ദേശങ്ങള്‍ തടയാന്‍ വാട്‌സാപ്പിന്റെ ‘ചെക്ക്‌പോയിന്റ് ടിപ്ലൈന്‍’; മലയാളമടക്കം 5 ഭാഷകളില്‍

മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടിയെടുക്കുന്നു. ‘ചെക്ക്‌പോയിന്റ് ടിപ്ലൈന്‍’ എന്നൊരു സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ക്കു മുന്നിലെത്തുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ഇതുവഴി സാധിക്കും.

പ്രോട്ടോ എന്നൊരു മീഡിയ സ്‌കില്ലിങ് സ്റ്റാര്‍ട്ടപ്പാണ് വാട്‌സാപ്പുമായി ചേര്‍ന്ന് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഊഹ പ്രചാരണങ്ങള്‍ കൂട്ടിവെച്ച് ഒരു ഡാറ്റാബേസ് ഇവര്‍ നിര്‍മിക്കും. തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുമ്പോള്‍ ഈ ഡാറ്റാബേസുമായി ഒത്തുനോക്കി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഉപയോക്താവിന് സാധിക്കും. വാട്‌സാപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ +91-9643-000-888 എന്ന നമ്പരിലുള്ള ചെക്ക്‌പോയിന്റ് ടിപ്ലൈനില്‍ സമര്‍പ്പിക്കാവുന്നതാണ്. സംശയാസ്പദമായ സന്ദേശങ്ങള്‍ ഈ നമ്പരിലേക്ക് ഷെയര്‍ ചെയ്യാം. പ്രോട്ടോയുടെ വിശകലന സംവിധാനം ഈ സന്ദേശം പരിശോധിക്കുന്നു. തുടര്‍ന്ന് സന്ദേശം വ്യാജമാണെങ്കില്‍ അത് അറിയിക്കുന്നു.

തെറ്റ്, ശരി, വഴിതെറ്റിക്കുന്നത്, തര്‍ക്കമുള്ളത് തുടങ്ങിയ വിഭാഗീകരണങ്ങള്‍ സന്ദേശങ്ങളുടെ ആധികാരികത സംബന്ധിച്ച് വാട്‌സാപ്പ് ചെയ്തുവെച്ചിട്ടുണ്ട്. ഇവയിലേതാണ് ഉപയോക്താവ് പരിശോധനയ്ക്കായി അയച്ചുതന്ന സന്ദേശമെന്ന് പരിശോധിച്ച് ലഭിക്കുന്ന വിവരം അറിയിക്കുന്നു.

മലയാളം, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഈ സംവിധാനം നിലവിലുള്ളത്. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നീ രൂപങ്ങളിലുള്ള സന്ദേശങ്ങളെല്ലാം പരിശോധിക്കപ്പെടും. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലൂടെയാണ് പ്രോട്ടോ വിവരശേഖരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളിലും ഇത്തരം സംഘടനകളുമായി പ്രോട്ടോ ഉടമ്പടിയിലെത്തിയിട്ടുണ്ട്.

വാട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജസന്ദേശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതിന് കാരണമായിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ വാട്‌സാപ്പുമായി കടുത്ത വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. വാട്‌സാപ്പ് മൂലമല്ല, മറിച്ച് രാജ്യത്തെ രാഷ്ട്രീയ-സാംസ്‌കാരിക പരിതസ്ഥിതികള്‍ മൂലമാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്ന വാദം വാട്‌സാപ്പ് മുമ്പോട്ടു വെച്ചു. രാഷ്ട്രീയ ഇടപെടലിലൂടെയാണ് ഇത്തരം കൊലപാതകങ്ങള്‍ തടയേണ്ടതെന്നായിരുന്നു നിലപാട്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ കേന്ദ്ര നിയമമമന്ത്രാലയം തയ്യാറായില്ല. തുടര്‍ന്ന് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സാപ്പ് നടപടിയെടുത്തു.

Share this news

Leave a Reply

%d bloggers like this: