വടക്കന്‍ അയര്‍ലണ്ടിലെ വലതുപക്ഷ തീവ്രവാദം ശക്തമാകുന്നു ?? ലിറ മെക്കിയുടെ കൊലപാതകം വിരല്‍ചൂണ്ടുന്നത്…

വടക്കന്‍ അയര്‍ലണ്ടിനെ ചുറ്റിപ്പറ്റി ഒരു പുതിയ തീവ്രവാദം ശക്തിപ്രാപിച്ചുവരികയാണെന്നും പ്രശസ്തമാധ്യമപ്രവര്‍ത്തക ലിറ മെക്കിയുടെ കൊലപാതകം അതാണ് സൂചിപ്പിക്കുന്നതെന്നും അയര്‍ലന്‍ഡ് ഉദ്യോഗസ്ഥര്‍. മികച്ച മാധ്യമപ്രവര്‍ത്തകയായി ഫോബ്സ് മാസിക 2016-ല്‍ തിരഞ്ഞെടുത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തക ലിറ മെക്കി ലണ്ടന്‍ ഡെറിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായത്. മെക്കിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനെട്ടും പത്തൊന്‍പതും വയസ്സുകള്‍ വീതം പ്രായമുള്ള ഈ കുട്ടികള്‍ തീവ്രദേശീയവാദികളായ റിപ്പബ്ലിക് ഗ്രൂപ്പ്, ന്യൂ IRA സംഘത്തില്‍പെട്ടവരാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

തീവ്ര ദേശീയവാദികളുടെ ശക്തി കേന്ദ്രമായ ക്രിഗനില്‍ വ്യാഴാഴ്ച രാത്രി കലാപകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മെക്കിക്ക് വെടിയേറ്റത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ദേശീയവാദ സംഘമായ ന്യൂ ഐആര്‍എയാണ് കലാപത്തിന് പിന്നില്‍. പോലീസിന് നേരെ കലാപകാരികള്‍ പെട്രോള്‍ ബോംബുകളും മറ്റ് സ്‌ഫോടന വസ്തുക്കളും വലിച്ചെറിയുന്ന സംഘര്‍ഷഭൂമിയിലേക്ക് കടന്നുചെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിധീരയായ ഈ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുന്നത്. ലോകം ആരാധിക്കുന്ന ഈ യുവമാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ ഐറിഷ് റിപ്പബ്ലിക്കുകള്‍ പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. പോലീസ് ആക്രമണം നടത്തിയതുകൊണ്ടുമാത്രമാണ് ലണ്ടന്‍ ഡെറിയില്‍ അങ്ങനെ ഒരു കലാപം അരങ്ങേറിയതെന്നാണ് റിപ്പബ്ലിക്കുകള്‍ പറയുന്നത്. മെക്കിയോടുള്ള ആദരസൂചകമായി അവര്‍ തിങ്കളാഴ്ച നടത്താനിരുന്ന ഈസ്റ്റര്‍ ദിന പരേഡുകള്‍ മാറ്റിവെച്ചു.

മാധ്യമപ്രവര്‍ത്തനരംഗത്തെ പുത്തന്‍ താരോദയമെന്ന് ലോകം വിശേഷിപ്പിച്ച ലിറ മെക്കിയുടെ കൊലപാതകത്തില്‍ ലോകത്തില്‍ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. മെക്കിയെ കൊലപ്പെടുത്തിയ തീവ്രവാദികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. മാസ്‌ക് ധരിച്ച ഒരാള്‍ പോലീസിനെ നോക്കി വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. റിപ്പബ്ലിക് മേഖലയായ ഡെറിയില്‍ വ്യാഴാച നടന്ന കലാപത്തില്‍ അന്‍പത് പെട്രോള്‍ ബോംബുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. രണ്ട് വാഹനങ്ങള്‍ കലാപകാരികള്‍ പൂര്‍ണ്ണമായും കത്തിച്ചു.

Share this news

Leave a Reply

%d bloggers like this: