സ്‌കോട്‌ലാന്‍ഡ് സ്വന്തം കറന്‍സി ഇറക്കുന്നു; സ്വതന്ത്രമായാല്‍ ഇത് നടത്തുമെന്ന് ഉറപ്പിച്ച് എസ്എന്‍പി

ബ്രിട്ടന് തലവേദനയായി സ്‌കോട്ട്ലണ്ടിലെ ഭരണപക്ഷമായ എസ്എന്‍പി പാര്‍ട്ടിയുടെ പുതിയ നീക്കങ്ങള്‍. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ എത്രയും വേഗത്തില്‍ പൗണ്ടിന് പകരം സ്വന്തം കറന്‍സി സ്ഥാപിതമാക്കുമെന്നാണ് സ്‌കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്റെ തീരുമാനം. തന്റെ എസ്എന്‍പി സ്വാതന്ത്ര്യത്തിന് ശേഷം സാമ്പത്തിക രംഗത്തെ ഏറ്റവും വിപുലമായ പോരാട്ടം നടത്തുമെന്നാണ് നിക്കോളയുടെ പ്രഖ്യാപനം. ജാക്കറ്റ് ധരിച്ച് പണിതുടങ്ങിക്കൊള്ളാന്‍ അവര്‍ പാര്‍ട്ടി ആക്ടിവിസ്റ്റുകളോട് ആവശ്യപ്പെട്ടു.

സ്‌കോട്ട്ലണ്ടിലെ 2.4 മില്ല്യണ്‍ ഭവനങ്ങളില്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യം സംബന്ധിച്ച നോട്ടീസുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതികളാണ് ഇവര്‍ പ്രഖ്യാപിച്ചത്. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ പൗണ്ടില്‍ നിന്നും പിന്‍മാറാനുള്ള ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ തന്നെ തുടക്കമിട്ടിരിക്കുന്നത്. എസ്എന്‍പി പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് ബ്രിട്ടനെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ നിക്കോള സ്റ്റര്‍ജന്‍ നടത്തിയത്. ‘സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ നമുക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും, മറ്റ് സ്വതന്ത്ര രാജ്യങ്ങളെ പോലെ തന്നെ. നമ്മുടെ സാമ്പത്തിക കാര്യങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം നമുക്കാവും. ഭൂമിയിലെ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമാണ് നമ്മുടെ ശ്രോതസ്സുകളും, കഴിവുകഴും ഉള്ളത്’, നിക്കോള പ്രഖ്യാപിച്ചു.

പുരോഗതിയുള്ള, സ്വതന്ത്ര രാജ്യമായി മാറാനുള്ളതെല്ലാം സ്‌കോട്ട്ലണ്ടിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനാവശ്യമായി ഹിതപരിശോധന നടത്താനുള്ള നീക്കങ്ങളാണ് ഫസ്റ്റ് മിനിസ്റ്റര്‍ നടത്തുന്നതെന്ന് സ്‌കോട്ടിഷ് ടോറികള്‍ വിമര്‍ശിച്ചു. എസ്എന്‍പിയുടെ പദ്ധതികള്‍ ദുരന്തസമാനമാണ്. പ്രത്യേകിച്ച് സ്വന്തം കറന്‍സി എന്ന നിലപാടിനെ അവര്‍ വിമര്‍ശിക്കുകയാണ്. പാര്‍ട്ടിയുടെ നേട്ടങ്ങളാണ് വലുതെന്നും സ്‌കോട്ട്ലണ്ടിലെ ഭൂരിപക്ഷത്തിന്റെ നിലപാടല്ല തനിക്ക് താല്‍പര്യമെന്നും നിക്കോള സ്റ്റര്‍ജന്‍ പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് കണ്‍സര്‍വേറ്റീവ് വക്താവ് ആഡം ടോംകിന്‍സ് പറഞ്ഞു.

രാജ്യത്തെ ഒരുമിപ്പിക്കുന്നതിന് പകരം പാര്‍ട്ടിയെ ഒരുമിപ്പിക്കുകയാണ് നിക്കോള, പൗണ്ടിനെ തള്ളുന്നത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കും. ദാരിദ്ര്യം തുടച്ചുനീക്കാന്‍ അധികാരം വിനിയോഗിക്കാതെ രാജ്യത്തിന് ആവശ്യമില്ലാത്ത ഹിതപരിശോധനയുമായി മുന്നോട്ട് പോകാനാണ് ശ്രമം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: