ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കന്‍ ദേശീയ ഗതാഗത വകുപ്പിന്റെ പ്രചരണ പരിപാടിക്ക് തുടക്കമായി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ക്ക് തടയിടാന്‍ ദേശീയ ഗതാഗത വകുപ്പിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. ഏതൊരു തൊഴില്‍ മേഖലയെയും പോലെ അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഭയമില്ലാതെ ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുകയാണ് പ്രചരണ പരിപാടിയുടെ ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം ആരംഭിച്ചതായി എന്‍.ടി.എ വക്താവ് അറിയിച്ചു.

ഐറിഷ് നഗരങ്ങളിലും, ബസ്റ്റോപ്പുകളിലും പ്രധാനമായും ക്യാമ്പയ്നിങ് പോസ്റ്ററുകളിലൂടെ ബോധവത്കരണം നടത്തും. ഡ്രൈവര്‍മാര്‍ക്കുനേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഇതിനോടകം നിരവധി പേര്‍ ഈ തൊഴില്‍മേഖല വിട്ടു പോകുന്നതായി ഐറിഷ് ടാക്‌സി ഫെഡറേഷന്‍ പ്രസിഡന്റ് ജോ ഹെറോണ്‍ പ്രതികരണം നടത്തി. രാത്രി സമയങ്ങളിലുള്ള യാത്രയിലാണ് പ്രധാനമായും ഡ്രൈവര്‍മാര്‍ അക്രമിക്കപെടുന്നത്.

ഡബ്ലിനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഇത്തരം കയ്യേറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഐറിഷ് ടാക്‌സി ഫെഡറേഷന്‍ നിരവധി തവണ ഗതാഗത വകുപ്പിന് പരാതി സമര്‍പ്പിച്ചിരുന്നു. നിലവില്‍ അക്രമികളെ ഭയന്ന് നിരവധി ഡ്രൈവര്‍മാര്‍ ടാക്‌സിയില്‍ സി.സി.ടി.വി സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. ഡബ്ലിനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് രാത്രി യാത്ര കഴിവതും ഒഴിവാക്കുകയാണ് പല ഡ്രൈവര്‍മാരും ചെയ്യുന്നത്.

സംഘമായി ചേര്‍ന്ന് ഡ്രൈവര്‍മാരെ കൊള്ളയടിക്കുന സംഘങ്ങള്‍ പെരുകിയതായും ടാക്‌സി ഫെഡറേഷന്‍ പറയുന്നു. വംശീയ വിദ്വേഷത്തോടെ ഡ്രൈവര്‍മാര്‍ക്ക് നേരെ കയ്യേറ്റം നടത്തുന്നവരും കുറവല്ല. ഡബ്ലിനില്‍ മലയാളികളായ ഡ്രൈവര്‍മാരും ഇത്തരം ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. ഡബ്ലിനിലെ ചില പ്രദേശങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: