ട്രംപിന്റെ ബിസിനസ്സ് ഇടിയുന്നു; നഷ്ടം 7000 കോടി രൂപ; എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്…

ഒരു പതിറ്റാണ്ട് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ്സില്‍ ഒരു ബില്യണ്‍ ഡോളറിന്റെ (6954 കോടി രൂപ) നഷ്ടം സംഭവിച്ചുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 1985 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭീമമായ നഷ്ടം സംഭവിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക നികുതി വിവരങ്ങള്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് (IRS ) വഴി പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ഇത്രയും ഭീമമായ തുക നഷ്ടമായതിനാല്‍ ട്രംപ് എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016 ല്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്ന സമയത്ത് കൊടുത്ത സത്യവാങ്മൂലത്തില്‍ തനിക്ക് 1990,91 വര്‍ഷങ്ങളില്‍ 250 മില്യണ്‍ ഡോളറിലധികം (1740 കോടി രൂപ) നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെയായിട്ടും വൈറ്റ് ഹൌസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ബിസിനിനസ്സുകള്‍ നടത്തിവന്നിരുന്ന കോടീശ്വരനായ ട്രംപ് പിന്നീട് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുകയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. നികുതി വിവരങ്ങള്‍ പുറത്ത് വിടാന്‍ ട്രംപിനുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നപ്പോഴും ട്രംപ് അതി വിദഗ്ദമായി ഒഴിഞ്ഞു മാറി. ട്രംപിന്റെ വ്യക്തിപരമായ നികുതിവിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യങ്ങള്‍ ശക്തമായപ്പോള്‍ തിങ്കളാഴ്ച ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മഞ്ചിന്‍ ആ ആവശ്യങ്ങളെയെല്ലാം നിരസിച്ചിരുന്നു. ഇതിനെതിരെ ഡമോക്രാറ്റുകള്‍ വലിയ നിയമപോരാട്ടം തന്നെ നടത്തിയേക്കുമെന്നാണ് നിലവിലെ സൂചന.

റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവില്‍ ട്രംപിന് അമേരിക്കയിലെ സാധാരണ നികുതിദായകരേക്കാള്‍ ഇരട്ടിയിലധികം പണം നഷ്ടമായെന്നാണ് വിലയിരുത്തല്‍. ഭൂരിഭാഗം നഷ്ടവും സംഭവിച്ചത് ട്രംപിന്റെ പ്രധാന ബിസിനസ്സില്‍ നിന്നാണെന്നും കാസിനോ, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളിലാണ് ട്രംപിന്റെ കണക്കുകൂട്ടല്‍ പാളിപ്പോയതെന്നും ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തുന്നു.

Share this news

Leave a Reply

%d bloggers like this: