യു.എസില്‍ ടെലികോം മേഖല ഭീഷണിയില്‍ : ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡി.സി : വിദേശ ശക്തികള്‍ രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതൊക്കെ രാജ്യങ്ങയില്‍ നിന്നാണ് യു.എസിനു ടെലികോം മേഖലയില്‍ ഭീഷണി ഉള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവെയ് യെ ലക്ഷ്യമിട്ടാണ് അടിയന്തിരാവസ്ഥ എന്നാണ് സൂചന.

യു.എസും ചൈനയും വ്യാപാരയുദ്ധം തുടരുന്നതിനാല്‍ ഇരു രാജ്യങ്ങളും അത്ര നല്ല ബന്ധമല്ല നിലവില്‍ പുലര്‍ത്തുന്നത്.
ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് ഗിയറിന്റെ ഏറ്റവും വലിയ സപ്ലയറാണ് വാവെയ് . ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ വാവെയ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം വാവെയ് യുടെയോ ചൈനീസ് കമ്പനി ഇസഡ് ടി ഇ കോര്‍പ്പറേഷന്റേയോ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഗവണ്‍മെന്റിനെ വിലക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. മറ്റു രാജ്യങ്ങളോടും വാ വെയ് യെ ബഹിഷ്‌കരിക്കാന്‍ ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. യൂറോപ്പില്‍ ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള വാവെയ് യുടെ നീക്കത്തിനെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ എല്ലാ മേഖലയിലുമുള്ള വിവരങ്ങള്‍ ചൈന ചോര്‍ത്തിയേക്കാമെന്ന സൂചനയെത്തുടര്‍ന്നാണ് യു.എസിന്റെ മുന്‍കരുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

Share this news

Leave a Reply

%d bloggers like this: