അധ്വാനത്തിന് പ്രതിഫലമില്ല: വലിയ വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി ദേശീയ ഭാരവാഹികള്‍ മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്‍…

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ചില സംഘടനാ ഭാരവാഹികള്‍ കടുത്ത നിരാശയിലാണ്. തങ്ങളുടെ അധ്വാനത്തിനുള്ള അംഗീകാരം കിട്ടിയില്ല എന്നാണ് ഇവരുടെ വികാരം എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയില്‍ ഇടം കിട്ടാത്തതാണ് കാരണം. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍, മൂന്ന് സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവരെല്ലാം രണ്ടാം മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപി ദേശീയ ഭാരവാഹികളാരും തന്നെ ഇല്ല.

പാര്‍ട്ടി വൈസ് പ്രസിഡന്റുമാരായ വിനയ് സഹസ്രബുദ്ധെ, പ്രഭാത് ഝാ, ഒപി മാഥുര്‍, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, ജനറല്‍ സെക്രട്ടറിമാരായ സരോജ് പാണ്ഡെ, ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന്‍ (എല്ലാവരും രാജ്യസഭാംഗങ്ങള്‍), കൈലാഷ് വിജയ് വര്‍ഗിയ, പശ്ചിമ ബംഗാളിന്റേയും ഒഡീഷയുടേയും ചുമതലയുള്ള അരുണ്‍ സിംഗ് മീഡിയ സെല്‍ തലവന്‍ അനില്‍ ബലൂണി, വക്താവ് ജിവിഎല്‍ നരസിംഹ റാവു തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടു. പശ്ചിമ ബംഗാളില്‍ 42ല്‍ 18 സീറ്റും 40 ശതമാനം വോട്ടും നേടിയ വലിയ മുന്നേറ്റമാണ് ബിജെപിയുണ്ടാക്കിയത്. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായിരുന്ന കൈലാഷ് വിജയ് വര്‍ഗിയയ്ക്ക് ഇന്‍ഡോറില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്ന് രാജ്യസഭാംഗങ്ങള്‍ – പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാംഗങ്ങളേയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ മൂന്ന് ഒഴിവുകള്‍ വരുന്നു. ഇതിലേയ്ക്ക് ദേശീയ ഭാരവാഹികളെ ഉള്‍പ്പെടുത്താം എന്നാണ് നേതൃത്വം വിചാരിക്കുന്നത്. അതേസമയം ഇതില്‍ രണ്ട് ഒഴിവുകളിലൊന്നില്‍ എസ് ജയശങ്കറും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാനുമാണ് വരുക. ഒരു ദേശീയ ഭാരവാഹിയെ രാജ്യസഭയിലെത്തിച്ചേക്കും

ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലം ബിജെപിയെ വളര്‍ത്തുതില്‍ രാം മാധവ് നിര്‍ണായക പങ്കാണ് വഹിച്ചത്. ത്രിപുര അടക്കം നോര്‍ത്ത് ഈസ്റ്റിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചിരുന്നു. പത്തര ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കിയ പരിശീലന പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പി മുരളീധര്‍ റാവുവാണ് ഒഴിവാക്കപ്പെട്ട മറ്റൊരാള്‍. റാവുവിന് ചുമതലയുണ്ടായിരുന്ന കര്‍ണാടകയില്‍ ആകെയുളള 28ല്‍ 25 സീറ്റും ഇത്തവണ ബിജെപി നേടി.

ഭൂപേന്ദര്‍ യാദവിന് ചുമതലയുണ്ടായിരുന്ന ഗുജറാത്ത് ബിജെപി തൂത്തുവാരി. ബിഹാറില്‍ ജെഡിയുവുമായി സഖ്യത്തില്‍ മത്സരിച്ച ബിജെപി 17 സീറ്റ് നേടി. സരോജ് പാണ്ഡെയ്ക്ക് ചുമതലയുള്ള മഹാരാഷ്ട്രയാല്‍ ബിജെപി – ശിവസേന സഖ്യം 48ല്‍ 41 സീറ്റും നേടി. സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നവരില്‍ മണിപ്പൂരിന്റെ ചുമതല വഹിച്ച പ്രഹ്ളാദ് പട്ടേലും ആന്ധ്രപ്രദേശിന്റെ ചുമതല വഹിച്ച വി മുരളീധരനും മാത്രമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: