നിപ എറണാകുളത്ത്; ഉറവിടം ഇടുക്കിയെന്ന് സംശയം; അയര്‍ലണ്ടിലെ മലയാളികള്‍ സ്‌കൂള്‍ അവധിക്കാലത്തിനായി നാട്ടില്‍ പോകാനിരിക്കെയാണ് ആശങ്കാജനകമായ വാര്‍ത്ത പുറത്തുവരുന്നത്…

തിരുവനന്തപുരം: കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. തൃശൂരില്‍ നിന്നല്ല രോഗം ബാധിച്ചതെന്നും ഇടുക്കിയില്‍ നിന്നാകാമെന്നും ഡി.എം.ഒ വ്യക്തമാക്കി. സ്ഥതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തും.

അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. എല്ലാ മുന്‍ കരുതലുകളും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് പഠിച്ചത്. തൃശൂരില്‍ നടന്ന ഒരു ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. നിപ സംശയം ഉയര്‍ന്ന ഉടന്‍ തന്നെ ഇവിടങ്ങളിലൊക്കെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തൃശൂരിലും കോഴിക്കോടും ഇടുക്കിയിലും ജില്ലാ ആരോഗ്യ ഓഫീസര്‍മാരുടെ നേതൃത്വത്തിലും യോഗം ചേരും. കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: