സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ല: കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍…

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(കെസിബിസി). അതേസമയം വ്യാജരേഖ കേസിന് പിന്തുണ കൊടുക്കാനും കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ തയ്യാറായിട്ടുണ്ട്. ജൂണ്‍ നാല് അഞ്ച് തീയതികളിലായി നടന്ന കേരളത്തിലെ കത്തോലിക്ക മെത്രാന്മാര്‍ പങ്കെടുത്ത വര്‍ഷകാല സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിവരിച്ചു കൊണ്ട് കെസിബിസി പുറത്തിറക്കിയ സര്‍ക്കുലറിലാണ് സിറോ മലബാര്‍ സഭയിലെ നിലവിലെ പ്രശ്നങ്ങളില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തിരിക്കുന്നത്. ഈ സര്‍ക്കുലര്‍ കേരളത്തിലെ സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കസഭകളിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദേശമുണ്ട്.

കോടികളുടെ നഷ്ടം അതിരൂപതയ്ക്ക് വരുത്തിവച്ചുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപയുടെ പരമ്പരാഗത സ്വത്തില്‍പ്പെട്ട ഭൂമി കച്ചവടം നടത്തിയതിനെതിരേ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. കൂടാതെ ഭൂമിക്കച്ചവട വിവാദത്തില്‍ അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ വത്തിക്കാന്‍ തീരുമാനം എടുക്കാന്‍ ഇരിക്കുകയുമാണ്. ഈ സഹാചര്യത്തിലാണ് കര്‍ദിനാള്‍ ജോര്‍ ആലഞ്ചേരി കൂടി പ്രതിയായ ഭൂമിക്കച്ചവടത്തില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കെസിബിസി രംഗത്തു വന്നിരിക്കുന്നത്. അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും പറയുന്ന കെസിബിസി, ഭൂമിവിവാദത്തിനു പിന്നിലെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന കെസിബിസി, കര്‍ദിനാളിനെതിരേ വ്യാജരേഖ ഉണ്ടാക്കി എന്നുള്ള കേസിലും അദ്ദേഹത്തിനൊപ്പം തന്നെയാണ്. വ്യാജരേഖ കേസില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപത പരാതിപ്പെടുമ്പോള്‍, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ പിന്തുണയ്ക്കുകയാണ് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. വ്യാജരേഖ കേസില്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ് സിറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനം എന്നു പറയുന്നതിലൂടെ ഫാ. പോള്‍ തേലക്കാടിനെയും അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തെയും ഒന്നും രണ്ടും പ്രതികളാക്കിയതിനെ പരോക്ഷമായി പിന്തുണയ്ക്കുകയുമാണ്.

പ്രസ്തുത രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്നും അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ എടുക്കണമെന്നും കെസിബിസി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സഭയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള തത്പരകക്ഷികളുടെ ശ്രമത്തിനെതിരേ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ അനാവശ്യമായ പത്രപ്രസ്താവനകളോ മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കമെന്നും കെസിബിസി പറയുന്നുണ്ട്. വ്യാജരേഖ കേസ് നല്‍കിയവര്‍ക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനം നടത്തുകയും വാര്‍ത്തകുറിപ്പുകള്‍ ഇറക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: