അമേരിക്കയ്ക്ക് തിരിച്ചടി; ചൈനീസ് ടെലികോം ഭീമന്‍ ഹുവേയുമായി റഷ്യ കരാര്‍ ഒപ്പിട്ടു…

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കി ചൈന. അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍ ശൃംഖല വികസിപ്പിക്കാന്‍ റഷ്യന്‍ കമ്പനിയായ എം.ടി.എസുമായി ചൈനീസ് ടെലികോം ഭീമന്‍ ഹുവേയ് കരാറൊപ്പിട്ടു. ഹുവേയ്ക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണിത്. യു.എസിന്റെ നിര്‍ദേശമനുസരിച്ച് ഏതാനും രാജ്യങ്ങളും ഹുവേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് പുതിയ കരാറൊപ്പിട്ടത് എന്നത് ശ്രദ്ധേയമാണ്.

2019-2020 കാലത്തേക്കാണ് 5 ജി സാങ്കേതികവിദ്യാ വികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍ ശൃംഖല വികസിപ്പിക്കുന്നതിനും ഹുവേയുടെ സഹായം തേടുന്നതെന്ന് എം.ടി.എസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ‘എന്റെ ഏറ്റവും നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് പുടിന്‍. അദ്ദേഹവുമായി അടുത്ത വ്യക്തിബന്ധമുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ 30 തവണയെങ്കിലും പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടുതല്‍ തവണ സന്ദര്‍ശിച്ച രാജ്യവും റഷ്യയാണ്’ എന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.

ഉക്രൈന്‍, സിറിയ പ്രശ്‌നങ്ങളില്‍ തട്ടി അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തര്‍ക്കത്തിന് ആക്കംകൂട്ടാനാണ് യു.എസ്. തീരുമാനമെങ്കില്‍ അവസാനംവരെ പൊരുതുമെന്ന് ചൈന പ്രതികരിച്ചു. ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ചാണ് ഹുവേയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. അതോടെ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഹുവേയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്തായാലും ഹുവേയ്ക്ക് ആശ്വാസമാകുന്നതാണ് റഷ്യയുമായുള്ള കരാര്‍.

Share this news

Leave a Reply

%d bloggers like this: