‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’: 2020-ലെ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്; നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളികള്‍….

2020-ല്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. 20,000 സീറ്റുകളുള്ള ആംവേ സെന്ററിലാണ് ഒരു സംഗീതോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് ട്രംപ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭീമന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍, ഫുഡ് ട്രക്കുകള്‍, ഗസ്ലേഴ്സ് എന്നറിയപ്പെടുന്ന ഒരു ബാന്‍ഡ് തുടങ്ങി ചടങ്ങിന്റെ മോടി കൂട്ടുന്ന പല പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നു.

എന്നാല്‍ വീണ്ടും അധികാരത്തില്‍ എത്തണമെങ്കില്‍ അടുത്ത 18 മാസം ട്രംപ് വലിയ വിയര്‍പ്പൊഴുക്കേണ്ടിവരും. ഇതിനകം തന്നെ പുറത്തുവന്ന നിരവധി വോട്ടര്‍ സര്‍വേകളില്‍ ഡെമോക്രാറ്റുകള്‍ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുന്നുണ്ട്. അധികാരമേറ്റതിനുശേഷം ഒരിക്കലും 50 ശതമാനം ജനപിന്തുണ ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധ്രുവീകരണമുണ്ടാക്കിയ പ്രസിഡന്റുമാരില്‍ ഒരാളായി ട്രംപ് മാറി.

ഏറെ വിമര്‍ശന വിധേയമായ തന്റെ ഇമിഗ്രേഷന്‍, ട്രേഡ് പോളിസികളില്‍നിന്നും ഒട്ടും പിറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനമാണ് ട്രംപ് ഇതുവരെ എടുത്തിട്ടുള്ളത്. വിമര്‍ശകരേയും, തന്നെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരേയും വ്യക്തിപരമായി കടന്നാക്രമിക്കുന്ന രീതിയും അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. പ്രധാന പരിപാടി നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് തന്നെ ചുവന്ന തൊപ്പികളും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ ടി-ഷര്‍ട്ടുകളും ധരിച്ച ട്രംപ് അനുകൂലികള്‍ സെന്ററിനു പുറത്ത് തടിച്ചുകൂടിയിരുന്നു. അതില്‍ 2015-മുതല്‍ ട്രംപിനു പിന്നില്‍ ഉറച്ചുനില്‍ക്കുന്നവരും, പുതുതായി വന്നവരും ഉണ്ട്. മുള്ളര്‍ റിപ്പോര്‍ട്ടിനെ ശക്തമായി തള്ളിപ്പറഞ്ഞ അനുകൂലികള്‍ ട്രംപ് ഒരിക്കല്‍ക്കൂടി പ്രസിഡന്റ് ആകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

മതില്‍ നിര്‍മ്മാണമടക്കം പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചൊവ്വാഴ്ച തടിച്ചുകൂടിയ ജനക്കൂട്ടം ട്രംപിന് നന്നായി ആത്മവിശ്വാസം പകരുന്നതാണ്. പൌരത്വനിയന്ത്രണം, മധ്യഅമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹം, ലെറ്റര്‍ ബോംബ് വിവാദം, തോക്ക് നിയന്ത്രണ വിവാദം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയാണ് മുന്നേറ്റം നടത്തിയത്. എട്ടു വര്‍ഷത്തിനു ശേഷം ജനപ്രതിനിധിസഭ അവര്‍ തിരിച്ചുപിടിച്ചിരുന്നു. സെനറ്റിലും ജനപ്രതിനിധിസഭയിലും ഒരുപോലെ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വരും തെരഞ്ഞെടുപ്പിലും ട്രംപ് നേരിടാന്‍ പോകുന്ന കടുത്ത വെല്ലുവിളി.

Share this news

Leave a Reply

%d bloggers like this: