ഇറാന്‍ ആണവായുധം വികസിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ട്രംപ്…

ഇറാന്‍ ആണവായുധം സ്വന്തമാക്കിയില്ലായിരുന്നെങ്കില്‍ രാജ്യം സമ്പന്നമാകുമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെയായിരുന്നെങ്കില്‍ ‘ഒരു ഉത്തമസുഹൃത്ത്’ ആയി ഇറാന്‍ എക്കാലവും ഉണ്ടാകുമായിരുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മറിച്ച്, ഒരു യുദ്ധം നടന്നാല്‍ ഇറാന്‍ എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ഇറാന്റെ റഡാറുകളും മിസൈല്‍ സന്നാഹങ്ങളും ആക്രമിക്കാന്‍ അനുമതി നല്‍കിയെങ്കിലും അവസാന നിമിഷം ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം .

‘ഉപരോധം നീക്കണമെങ്കി ല്‍അമേരിക്ക മുന്നോട്ടുവച്ച 12 ആവശ്യങ്ങളും ഇറാന്‍ അംഗീകരിക്കണം. അവരൊരിക്കലും ആണവായുധം കൈവശംവെക്കാന്‍ പോകുന്നില്ല, അതിന് ഞങ്ങള്‍ സമ്മതിക്കില്ല’, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ ഈ നിലപാട് അംഗീകരിച്ചാല്‍ ഇറാനൊരു സമ്പന്ന രാജ്യമാകും. അവര്‍ വളരെ സന്തുഷ്ടരാകും, ഞാന്‍ അവരുടെ ഏറ്റവും നല്ല സുഹൃത്താകും. അങ്ങിനെ സംഭവിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- ട്രംപ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

അതേസമയം, ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ ഊന്നിപ്പറയുന്നു. ആയുധവല്‍ക്കരണത്തിനായി ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്തതിനു സമീപകാല തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയും അറിയിച്ചു. 2015-ലെ കരാറില്‍ അംഗീകരിച്ച ആണവ പദ്ധതിയുടെ പരിധിയില്‍ ഇറാന്‍ ഇതുവരെ ഉറച്ചുനിന്നിട്ടുണ്ട്. എന്നാല്‍ കരാറില്‍ നിന്ന് ട്രംപ് പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടു ഒരു വര്‍ഷത്തിലേറെയായി. അതോടെയാണ് കരാറില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ലംഘിക്കുമെന്നു ടെഹ്റാന്‍ മുന്നറിയിപ്പു നല്‍കിയത്.

അതിനിടെ, യുഎസ് ചാരവിമാനം ആകാശാതിര്‍ത്തി ലംഘിക്കുകയും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിവച്ചിടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സ്‌ഫോടനാത്മകമായിരിക്കയാണ്. ഇറാന്റെ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് യു.എസിന്റെ വാദം. എന്നാല്‍, അമേരിക്കയുമായി അനുരഞ്ജനം ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇറാന്‍. ഇറാന്റെ കര, വ്യോമ, നാവിക പരിധിയില്‍ അധിനിവേശം നടത്താന്‍ ആരു തുനിഞ്ഞാലും കടുത്ത തിരിച്ചടി നേരിടുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫാസി ഷെകാര്‍സി താക്കീത് നല്‍കി. യു.എസ് നീക്കത്തെ ചെറുക്കുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവിയും വ്യക്തമാക്കി.

ഇറാനെതിരെ കടുത്ത നടപടികള്‍ വേണമെന്നു വാദിക്കുന്നവരാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും. ഇറാനു മറുപടി നല്‍കാന്‍ യുഎസ് പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നുവെന്നും പടക്കപ്പലുകള്‍ അണിനിരന്നെന്നുമാണ് യുഎസ് പത്രം വെളിപ്പെടുത്തിയത്. എന്നാല്‍ അതിരാവിലെ ആക്രമണത്തിനുള്ള ഉത്തരവിനു കാത്തുനില്‍ക്കേയാണു യുഎസ് തീരുമാനം റദ്ദാക്കിയത്.

Share this news

Leave a Reply

%d bloggers like this: