കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ് : ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് പാകിസ്താന്‍. ഇന്ത്യയുടെ തീരുമാനം അപലപനീയമെന്ന് പ്രതികരിച്ച പാകിസ്താന്‍ തീരുമാനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നു. ഇന്ത്യയുടെ നീക്കത്തെ തടയാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഇപ്പോഴത്തെ നടപടി നിയമ വിരുദ്ധമാണ്. ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം ജമ്മു കാശ്മീരിലെയും പാകിസ്താനിലെയും ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇന്ത്യയുടെ തീരുമാനം ചര്‍ച്ച ചെയ്യുന്നതിനായി പാക് പാര്‍ലമെന്റിന്റെ ഇരുസഭകളും നാളെ യോഗം ചേരും.

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയതിന് പിന്നാലെ രാജ്യത്തിനകത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാകിസ്താന്റെ പ്രതികരണം. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ഇനി ജമ്മുകശ്മീരിനും ബാധകം. ജമ്മുകശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടാകില്ല. നേരിട്ട് കേന്ദ്രസര്‍ക്കാരിനു കീഴിലായിരിക്കും. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിജ്ഞാപനമിറക്കിയത്

Share this news

Leave a Reply

%d bloggers like this: