ചന്ദ്രോപരിതലത്തിന് തൊട്ടരികെ ചന്ദ്രയാന്‍ 2; ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തും

ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നരമാസത്തെ യാത്രയ്ക്ക് ശേഷം 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടാനൊരുങ്ങുകയാണു ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ വിക്രം. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ തന്ന ഏറ്റവും സങ്കീര്‍ണവും നിര്‍ണായകവുമായ നിമിഷങ്ങളാണ് ഇനി മുന്നിലുള്ളതെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

‘സങ്കീര്‍മായ 15 മിനിറ്റ്’ എന്നായിരുന്നു ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഇതിനെ വിശേഷിപ്പിച്ചത്. ചന്ദ്രയാന്റെ ഭാഗമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്. എന്നാല്‍ ഭൂമിയില്‍ നിന്നു നിയന്ത്രണമില്ലാതെ ലാന്‍ഡര്‍ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് ദൗത്യത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായത്. ‘വിക്രം’ ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും.

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ചന്ദ്രനിലെ നിര്‍ണായക സോഫ്റ്റ് ലാന്‍ഡിങ് ശനിയാഴ്ച പുലര്‍ച്ചെ 1.30 നു 2.30 നും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ചതിലും 78 സെക്കന്റ് നേരത്തെയായിരിക്കും ലാന്റിങ്ങ് നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിനായി ഐഎസ്ആര്‍ഒ രണ്ട് സൈറ്റുകളാണ് കണ്ടെത്തിട്ടുള്ളത്. വിക്രം ലാന്‍ഡര്‍ പ്രാഥമിക ലാന്‍ഡിംഗ് സൈറ്റിനെ ആയിരിക്കും സമീപിക്കുക. എന്നാല്‍ സോഫ്റ്റ് ലാന്റ് ചെയ്യേണ്ട സുരക്ഷിതമായ സ്ഥലം ഉപരിതലത്തിന് 100 മീറ്റര്‍ അകലെ വച്ച് മാത്രമേ തീരുമാനിക്കു എന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സോണുകള്‍ തമ്മില്‍ 1.6 കിലോ മീറ്റര്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനു വേണ്ട നിര്‍ദേശം അപ്ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. പേടകത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരമാണ്.

അതേസമയം, ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ശനിയാഴ്ച പുലര്‍ച്ചെ ബെംഗളൂരു പീനിയയിലെ ഇസ്റോ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലായിരിക്കും മോദിയെത്തുക. കേരളത്തില്‍ നിന്നുള്ള 2 പേരുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഇരുന്നൂറോളം വരുന്ന ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുടെ സംഘവുമാണ് ചന്ദ്രയാന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: