കേരളത്തിന്റെ നിക്ഷേപ സാധ്യതകളില്‍ വിശ്വസിക്കുകയും കേരളത്തോട് അതിയായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ജൂഡ് ബെര്‍ഗ്മാന് വിട…

എന്‍വെസ്റ്റ് നെറ്റ് സിഇഒ ജൂഡ് ബെര്‍ഗ്മാന്‍ (ജൂഡ് സണ്‍ ബെര്‍ഗ്മാന്‍) ഒക്ടോബര്‍ മൂന്നിന് യുഎസിലെ സാന്‍ഫ്രോന്‍സിസ്‌കോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 62കാരനായ ജൂഡ് ബെര്‍ഗ്മാനൊപ്പം 57കാരിയായ ഭാര്യ മേരി മില്ലറും മരിച്ചു. തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാര്‍ ബര്‍ഗ്മാന്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ നിക്ഷേപ സാധ്യതകളില്‍ വിശ്വസിക്കുകയും കേരളത്തോട് അതിയായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ജഡ്‌സണ്‍ ബര്‍ഗ് മാന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കേരളത്തെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്നതിലും എന്‍വെസ്റ്റ് നെറ്റ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം സ്മരണീയമായ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ധനകാര്യ സേവനങ്ങളുടെ സാങ്കേതിക വശങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി എന്നതാണ് ജൂഡ് ബെര്‍ഗ്മാന്റെ ഏറ്റവും പ്രധാന സവിശേഷത. 1999ലാണ് ജൂഡ് ബെര്‍ഗ്മാന്‍ എന്‍വെസ്റ്റ് നെറ്റ് സ്ഥാപിച്ചത്. സംരംഭകനാകാന്‍ താല്‍പര്യമില്ലാതിരുന്നയാളാണ് താന്‍ എന്ന് ജൂഡ് ബെര്‍ഗ്മാന്‍ 2014ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 17 വര്‍ഷത്തോളം നുവീന്‍ കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് ജൂഡ് ബെര്‍ഗ്മാന്‍ സ്വന്തം സംരംഭത്തിലേയ്ക്ക് വരുന്നത്. വീറ്റണ്‍ കോളേജില്‍ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും നേടി. 2002 മുതല്‍ എന്‍വെസ്റ്റ് നെറ്റ് പ്രസിഡന്റാണ്.

രണ്ടരക്കോടിയോളം എന്‍ഡ് യൂസേര്‍സിന് സഹായം നല്‍കുന്ന, ഡാറ്റ അഗ്രഗേഷനിലും അനലിറ്റിക്സിലും മുന്നിട്ട് നില്‍ക്കുന്ന, 88000 ഉപദേശകരുള്ള സ്ഥാപനമായി എന്‍വെസ്റ്റ് നെറ്റ് വളര്‍ന്നു. ജൂഡ് ബെര്‍ഗ്മാന്റെ ആദ്യ ഭാര്യ സൂസന് ബ്രെയിന്‍ കാന്‍സര്‍ ആണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞത് 2002ലാണ്. 2006ല്‍ സൂസന്‍ മരിച്ചു. നടി ആനി ഹെച്ചെയുടെ മൂത്ത സഹോദരിയാണ് സൂസന്‍. ഭാര്യ മേരി മില്ലര്‍ ചിക്കാഗോയിലെ ഹാനോവര്‍ ഹില്‍സ് വെല്‍ത്ത് അഡൈ്വസറിന്റെ ഫൗണ്ടറും മാനേജിംഗ് പാര്‍ട്ണറുമാണ്.

എന്ത് ചോദ്യം ചോദിച്ചാലും അതിന് ചെസുമായി ബന്ധിപ്പിച്ച് ഉത്തരം നല്‍കാനുള്ള പ്രവണത ജൂഡ് ബെര്‍ഗ്മാന് ഉണ്ടായിരുന്നു. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് നേരിട്ട വെല്ലുവിളികളെല്ലാം ബെര്‍ഗ്മാന്‍ കൊണ്ടുവരും 1996ലും 97ലും ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ ഡീപ്പ് ബ്ലൂവുമായുള്ള മത്സരവുമെല്ലാം ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. അനലിസ്റ്റ് കോണ്‍ഫറന്‍സ് കോളുകളില്‍ സാമ്പ്രാദായിക സിഇഒയുടെ രീതികള്‍ വെടിഞ്ഞ് പെരുമാറുകയും പ്രസന്റേഷനുകളിലും മറ്റും ബോബ് ഡിലാനേയും മറ്റും ഉദ്ധരിക്കുകയും ചെയ്തിരുന്ന സ്ഥാപന മേധാവിയായിരുന്നു ജൂഡ് ബെര്‍ഗ്മാന്‍.

Share this news

Leave a Reply

%d bloggers like this: