പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍…

പൊതുതെരഞ്ഞെടുപ്പ് നടന്ന പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി 33% മുതല്‍ 40% വരെ വോട്ടുകള്‍ നേടുമെന്നാണ് നാല് എക്‌സിറ്റ് പോളുകള്‍ സൂചന നല്‍കുന്നത്. ഇടതു വോട്ടുകള്‍ കുറഞ്ഞുവരുന്ന യൂറോപ്പിലെ അതേ പ്രവണതയാണ് പോര്‍ച്ചുഗലിലും കണ്ടുവരുന്നത്.

പ്രവചനം ശരിയായാല്‍ 230 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 100 ??മുതല്‍ 117 വരെ സീറ്റുകള്‍ സോഷ്യലിസ്റ്റുകള്‍ക്ക് ലഭിക്കും. 86 സീറ്റുകള്‍ നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. റൈറ്റ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (പിഎസ്ഡി) ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് 68 മുതല്‍ 82 വരെ സീറ്റുകള്‍ നേടാനേ കഴിയൂ എന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷം ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 116 സീറ്റുകളെങ്കിലും ആവശ്യമാണ്.

പിഎസ്ഡിക്ക് 24% മുതല്‍ 31% വരെ വോട്ടുകള്‍ ലഭിച്ചേക്കും. മുന്‍ സര്‍ക്കാറിന്റെ ഭാഗമായിരുന്ന രണ്ട് ഇടതുപക്ഷ പാര്‍ട്ടികളായ തീവ്ര ഇടതുപക്ഷ ബ്ലോക്കിന് 9-12%-വും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് 5-7%-വും വോട്ടുകള്‍ ലഭിച്ചേക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അന്തിമഫലത്തെ ആശ്രയിച്ച് അത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടുപോയേക്കാം.

2015 ല്‍, പിഎസ്ഡിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോസ്റ്റ. എന്നിട്ടും ഇടതുപക്ഷ ബ്ലോക്കുമായും ജെറിംഗോണിയ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകളുമായും അപ്രതീക്ഷിതമായി സഖ്യമുണ്ടാക്കി അധികാരത്തിലേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാലിപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അനഭിമതനാണ് കോസ്റ്റ. അദ്ദേഹത്തിന്റെ വലതുപക്ഷ കാഴ്ചപ്പാടുകളാണ് ഇടതു പാര്‍ട്ടികളുടെ പ്രധാന പ്രശ്‌നം. അതവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പൊതുചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന അവരുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷ പാര്‍ട്ടികളുമായി സഹകരിച്ചുകൊണ്ട് ഇനിയൊരു സര്‍ക്കാര്‍ രൂപീകരണത്തിന് കോസ്റ്റ മുതിര്‍ന്നേക്കില്ല.

എന്നാല്‍, പീപ്പിള്‍-അനിമല്‍സ്-നേച്ചര്‍ പാര്‍ട്ടിയുടെ (പാന്‍) പിന്തുണ തേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച പാന്‍ ഒരു സീറ്റാണ് നേടിയിരുന്നത്. ഇത്തവണയവര്‍ രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. പാരിസ്ഥിതിക വിഷയങ്ങളില്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍അംഗീകരിച്ചാല്‍ കോസ്റ്റയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പാന്‍ പാര്‍ട്ടി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: