വടക്കന്‍ സിറിയയിലേക്ക് തുര്‍ക്കി സേനക്ക് സൈനികനീക്കം നല്‍കാന്‍ അവസരമൊരുങ്ങുന്നു; വടക്കന്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് യു.എസ്…

വടക്കന്‍ സിറിയയിലേക്ക് സൈനികനീക്കം നടത്താന്‍ തുര്‍ക്കി സേനയ്ക്ക് അവസരം നല്‍കുന്ന തീരുമാനമെടുത്ത് യുഎസ്. തങ്ങളുടെ സൈന്യത്തെ പ്രദേശത്തു നിന്നു പൂര്‍ണമായി പിന്‍വലിച്ചാണ് മേഖലയില്‍ മറ്റൊരു നിര്‍ണായക നീക്കത്തിന് യുഎസ് കളമൊരുക്കിയിരിക്കുന്നത്. ദീര്‍ഘകാലമായി സഖ്യത്തിലേര്‍പ്പെട്ടു വരുന്ന കുര്‍ദ്ദുകളെ ഉപേക്ഷിച്ചാണ് സൈന്യം പിന്‍വാങ്ങുന്നത്. ഐസിസിനെതിരായ യുഎസ് നീക്കങ്ങളില്‍ സഹായിച്ചിരുന്നത് കുര്‍ദ്ദ് സൈന്യമാണ്. എന്നാല്‍ തുര്‍ക്കി കുര്‍ദ്ദിഷ് സൈന്യത്തെ കാണുന്നത് തീവ്രവാദികളായാണ്. യുഎസ്സിന്റെ ഈ തീരുമാനം കുര്‍ദ്ദിഷ് സേനകളെ ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ‘പോരാളികളെ’ യുഎസ് ഉപേക്ഷിച്ചതിനെ അപലപിച്ച് കുര്‍ദ്ദുകള്‍ രംഗത്തു വന്നു. കഴിഞ്ഞ ജനുവരി മാസത്തില്‍ തുര്‍ക്കിയുടെ വടക്കന്‍ സിറിയന്‍ പദ്ധതികള്‍ക്കെതിരെ താക്കീത് നല്‍കിയിരുന്നതാണ് യുഎസ്. വിദേശനയത്തില്‍ വാഷിങ്ടണ്‍ വരുത്തിയ പെട്ടെന്നുള്ള ഈ മാറ്റം പൊതുവില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

‘തങ്ങളുടെ ദീര്‍ഘകാലമായുള്ള പദ്ധതിയുടെ ഭാഗമായി വടക്കന്‍ സിറിയയിലേക്ക് തുര്‍ക്കി അടുത്തുതന്നെ നീക്കം നടത്തുന്നതായിരിക്കും,’ വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരം പറയുന്നു. ഇതിനു പിന്നാലെ തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എര്‍ദോഗനുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഒരു ഫോണ്‍ സംഭാഷണം നടത്തുകയുണ്ടായി. ഈ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ തുര്‍ക്കി തങ്ങളുടെ വടക്കന്‍ സിറിയന്‍ പദ്ധതി ആവര്‍ത്തിച്ചു. മേഖലയില്‍ ഒരു ‘സേഫ് സോണ്‍’ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എര്‍ദോഗന്‍ പറഞ്ഞു. സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി ഓടിപ്പോയവര്‍ക്ക് തിരിച്ചെത്താന്‍ ഈ നീക്കം അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഭീകരത’യെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ സൈനിക സാന്നിധ്യം കൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐസിസിന്റെ മേഖലയിലെ ഖലീഫാ ഭരണത്തെ അടിച്ചമര്‍ത്തിയ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ഇനി അവിടെ ആവശ്യമില്ലെന്ന് യുഎസ്സിന്റെ പ്രസ്താവന പറഞ്ഞു. അതെസമയം തുര്‍ക്കിയുടെ നീക്കത്തില്‍ തങ്ങളുടെ സൈന്യത്തിന് പങ്കുണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുര്‍ദ്ദ് സേനകള്‍ പിടിച്ചെടുത്ത ഐസിസ് തീവ്രവാദികളുടെ ഉത്തരവാദിത്വം തുര്‍ക്കി ഏറ്റെടുക്കുമെന്നും യുഎസ് പറഞ്ഞു. അതെസമയം ഈ നയം മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ മേഖലയിലുണ്ടാക്കുമെന്ന് കരുതുന്നവരുണ്ട്. കുര്‍ദ്ദുകള്‍ക്ക് സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിന്റെ സഹായം തേടേണ്ട നിലയിലേക്ക് കാര്യങ്ങളെത്തും. മേഖലയില്‍ പ്രതിരോധം ദുര്‍ബലമാകുമ്പോള്‍ അത് ഐസിസിന് ഗുണം ചെയ്യുകയും ചെയ്യും.

യുഎസ്സിന്റെ നീക്കത്തെ ഒരു ചതിയായാണ് ബിബിസിയുടെ വിദേശ പ്രതിനിധി ജോനാഥന്‍ മാര്‍കസ് നിരീക്ഷിക്കുന്നത്. ഈ ചതി ലോകത്തിലെ മറ്റിടങ്ങളിലെ യുഎസ് സഖ്യങ്ങളില്‍ ആത്മവിശ്വാസം കുറയ്ക്കും. ട്രംപിന്റെ വാചകമടിയും പ്രവൃത്തിയും തമ്മില്‍ വലിയ യോജിപ്പൊന്നുമില്ലെന്ന് ഇസ്രായേലും സൗദിയുമെല്ലാം തിരിച്ചറിയുമെന്നും മാര്‍കസ് ചൂണ്ടിക്കാട്ടുന്നു. അതെസമയം മേഖലയെ ഒരു സ്ഥിരം യുദ്ധവേദിയാക്കി മാറ്റുകയാണ് യുഎസ് തങ്ങളുടെ പിന്മാറ്റത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കുര്‍ദ്ദുകളുടെ സിറിയന്‍ ഡെമോക്രാറ്റികത് ഫോഴ്‌സസ് പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: