ഹഗിബിസ് ചുഴലിക്കാറ്റ്: 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടങ്ങള്‍; ജപ്പാനില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും…

ജപ്പാനില്‍ ശക്തിയോടെ ആഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അറുപത് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്. നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി.

റഗ്ബി ലോകകപ്പിലെ ചില മത്സരങ്ങള്‍ റദ്ദാക്കേണ്ടിവന്നിരുന്നുവെങ്കിലും ജപ്പാനും സ്‌കോട്ട്ലന്‍ഡും തമ്മിലുള്ള പ്രധാന മത്സരം ഇന്ന് നടക്കും. വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഹഗിബിസ് ഇന്നത്തോടെ വടക്കന്‍ പസഫിക്കിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോക്കിയോയുടെ തെക്ക്-പടിഞ്ഞാറ് ഇസു പെനിന്‍സുലയില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. ഏതാണ്ട് അരലക്ഷം വീടുകളില്‍ വൈദ്യുതിബന്ധം വിച്ചേദിക്കപ്പെട്ടു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഫുജി പര്‍വതത്തിനടുത്തുള്ള ഹാക്കോണ്‍ പട്ടണത്തില്‍ 1 മീറ്ററില്‍ (3 അടി) കൂടുതല്‍ മഴ പെയ്തു. ജപ്പാനില്‍ ഇതുവരെ 48 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണത്. ചിക്കുമ നദിക്കരയിലുള്ള നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ചിലര്‍ മണ്ണിടിച്ചിലിലും ബാക്കിയുള്ളവര്‍ കാറുകള്‍ക്കുള്ളില്‍ പെട്ടുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. 15 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കൊടുങ്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് വ്യക്തമായതോടെ ഏഴ് ദശലക്ഷത്തിലധികം ആളുകളോട് വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 50,000 പേര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. അടിയന്തര മുന്നറിയിപ്പ് നല്‍കിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അഭൂതപൂര്‍വമായ കനത്ത മഴയാണ് രേഖപ്പെടുത്തിയതെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. നിരവധി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്കും ചിബയിലെ നരിറ്റ വിമാനത്താവളത്തിലേക്കും ഉള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി.

‘വേഗത’ എന്നാണ് ഹഗിബിസ് എന്ന വാക്കിന്റെ അര്‍ത്ഥം. 1958-ല്‍ ടോക്കിയോയില്‍ വീശിയടിച്ച കനോഗവ ചുഴലിക്കാറ്റിനേക്കാള്‍ വേഗതയേറിയ കാറ്റാണ് ഹഗിബിസ് എങ്കിലും നാശനഷ്ടങ്ങള്‍ കുറവാണ്. കനോഗവയെ തുടര്‍ന്ന് 1200 പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: